ലാലിഗയിലെ ഒന്നാം സ്ഥാനക്കാരെ തകർത്ത് ബാഴ്സലോണ, സീസണിലെ ഏറ്റവും മികച്ച പ്രകടനമെന്നു ആൽബ

ലീഗിലെ ഒന്നാം സ്ഥാനത്തു മികച്ച പ്രകടനവുമായി തുടരുന്ന റയൽ സോസിഡാഡിനെതിരെ സ്വന്തം തട്ടകമായ ക്യാമ്പ് നൂവിൽ മികച്ച വിജയം സ്വന്തമാക്കിയിരിക്കുകയാണ് ബാഴ്‌സലോണ. ലാലിഗയിൽ താളം കണ്ടെത്താൻ വിഷമിക്കുന്ന ബാഴ്സ സോസീഡാഡിനെതിരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഒന്നിനെതിരെ രണ്ടു ഗോളിന്റെ വിജയം സ്വന്തമാക്കിയതോടെ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തെത്താൻ ബാഴ്സക്ക് സാധിച്ചിരിക്കുകയാണ്.

മത്സരത്തിൽ ആത്മവിശ്വാസത്തോടെ തുടങ്ങിയ ബാഴ്സക്ക് മികച്ച മുന്നേറ്റങ്ങൾ നടത്താൻ സാധിച്ചെങ്കിലും ഗോൾ കണ്ടെത്താൻ സാധിക്കാതെ പോവുകയായിരുന്നു. ബാഴ്സയുടെ സമ്മർദത്തിലും പിന്നീട് മത്സരത്തിൽ താളം കണ്ടെത്തിയ റയൽ സോസീഡാഡ് വില്ലിയാൻ ഹോസെയിലൂടെ ലീഡ് കണ്ടെത്തുകയായിരുന്നു. എന്നാൽ ബാഴ്സ അധികം വൈകാതെ തന്നെ മറ്റൊരു പ്രത്യാക്രമണത്തിലൂടെ സമനില ഗോൾ കണ്ടെത്തി.

മെസിയുടെ മുന്നേറ്റത്തിലൂടെ ഗ്രീസ്സ്മാനു ലഭിച്ച പന്ത് പെഡ്രിക്ക് നീക്കി നൽകിയപ്പോൾ ഇടതു വിങ്ങിൽ നിന്നും ഓടിവന്ന ആൽബയുടെ വലംകാലൻ ഷോട്ട് സോസിഡാഡ് ഗോൾപോസ്റ്റിന്റെ ഇടതു മൂലയിൽ കയറുകയായിരുന്നു. 31ആം മിനുട്ടിലെ സമനില ഗോളിൽ നിന്നും ഊർജം കണ്ടെത്തിയ ബാഴ്സ പിന്നീട് മികച്ച അക്രമണങ്ങളാണ് സോസിഡാഡ് ഗോൾമുഖത്തേക്ക് നടത്തിയത്. പെഡ്രിയുടെ ഒരു മികച്ച മുന്നേറ്റത്തിൽ നിന്നും ലഭിച്ച ഒരു മികച്ച അവസരം ബ്രാത്വൈറ്റ് കളഞ്ഞു കുളിക്കുകയും ചെയ്തു.

എന്നാൽ അധികം വൈകാതെ തന്നെ ബാഴ്സ ഫ്രങ്കി ഡിയോങ്ങിലൂടെ ബാഴ്സ രണ്ടാം ഗോളും കണ്ടെത്തി. 44ആം മിനുട്ടിൽ ഇടതു വിങ്ങിൽ നിന്നും കൊടുത്ത ക്രോസ് ഫ്രങ്കി ഡിയോങ് ഗോൾവലയിലെത്തിച്ചുവെങ്കിലും ലൈൻ റഫറി ഓഫ്‌ സൈഡ് വിളിക്കുകയായിരുന്നു. എന്നാൽ വീഡിയോ റഫറിയിങ്ങിലൂടെ ആ തീരുമാനം മാറ്റി ഗോൾ അനുവദിക്കുകയായിരുന്നു. പിന്നീട് സോസീഡാഡിന്റെ സമനില നേടിയേക്കാവുന്ന അപകടകരമായ മുന്നേറ്റങ്ങളിൽ നിന്നും പെഡ്രിയും അറോഹോയും രക്ഷിച്ചതോടെ ബാഴ്സ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. മത്സരശേഷം ഇത് ബാഴ്സയുടെ ഏറ്റവും മികച്ച പ്രകടനമാണെന്ന് ഗോൾ നേടിയ ആൽബ അഭിപ്രായപ്പെടുകയും ചെയ്തു.

You Might Also Like