കൂമാന്റെ പ്രിയതാരം വൈനാൽഡത്തെ റാഞ്ചാൻ സൂപ്പർതാരത്തെ വിൽക്കാനൊരുങ്ങി ബാഴ്സലോണ

Image 3
FeaturedFootballLa Liga

ബാഴ്‌സലോണ പരിശീലകൻ കൂമാൻ ഇത്തവണത്തെ ട്രാൻസ്ഫർ ജാലകത്തിൽ സ്വന്തമാക്കാൻ ആവശ്യപ്പെട്ട താരങ്ങളിലൊരാളാണ് ലിവർപൂളിന്റെ ഹോളണ്ട് മധ്യനിരതാരം ജോർജിഞ്ഞോ വൈനാൽഡം. ബാഴ്സലോണയിലേക്ക് പരിശീലകനായെത്തുന്നതിനു മുമ്പേ ഹോളണ്ട് പരിശീലകനായ സമയത്ത് കൂമാന്റെ ഇഷ്ടതാരങ്ങളിലൊരാളായിരുന്നു വൈനാൽഡം. താരത്തിന്റെ ഗുണഗണങ്ങൾ വ്യക്തമായ ബോധമുള്ളതിനാലാണ് താരത്തെ വരുന്ന സീസണിൽ താരത്തെ സ്വന്തമാക്കാൻ മാനേജ്മെന്റിനോട് നിർദേശിച്ചിരിക്കുകയാണ് കൂമാൻ.

ലിവർപൂളിൽ ഇതു വരെയും കരാർ പുതുക്കാത്ത വൈനാൽഡം ഈ സീസൺ അവസാനം ഫ്രീ ട്രാൻസ്ഫറിലാണ് ക്ലബ്ബ് വിടാനൊരുങ്ങുന്നത്. ഈ അവസരം മുതലെടുത്താണ് കൂമാൻ താരത്തെ സ്വന്തമാക്കാൻ ബാഴ്സയോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ അത് നടപ്പിലാക്കാൻ ബാഴ്സ മധ്യനിരയിൽ നിന്നും ഒരു താരത്തെ ഒഴിവാക്കേണ്ടി വന്നേക്കും.

വൈനാൽഡത്തെ പ്യാനിച്ചിനെയാണ്‌ കൂമാൻ ഒഴിവാക്കാൻ ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്യാനിച്ചിന് പകരം ഒരു യുവതാരത്തെയും ഒഴിവാക്കാൻ ബാഴ്സ ഉദ്ദേശിക്കുന്നില്ലെന്നാണ് അറിയാനാകുന്നത്. സ്പാനിഷ് മാധ്യമമായ സ്പോർട് ആണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്.

ആർതർ മെലോക്ക് പകരക്കാരനായി യുവന്റസിൽ നിന്നും പ്യാനിച്ചിനെ സ്വന്തമാക്കിയെങ്കിലും 28 മത്സരങ്ങൾ ബാർസക്ക് വേണ്ടി കളിച്ചിട്ടും ഇതുവരെയും ഗോളോ അസിസ്റ്റോ താരത്തിനു നേടാനായിട്ടില്ലെന്നതാണ് ബാഴ്‌സയെ ഈ ട്രാൻസ്ഫറിന് പ്രേരിപ്പിക്കുന്നത്. വൈനാൽഡത്തിന്റെ യൂറോപ്യൻ ഫുട്ബോളിലെ അനുഭവസമ്പത്താണ് കൂമാൻ ബാഴ്സ മധ്യനിരയിൽ പരീക്ഷിക്കാനൊരുങ്ങുന്നത്.