ബാഴ്സ ആരാധകർക്ക് സന്തോഷവാർത്ത, ചാമ്പ്യൻസ്‌ലീഗിലെ ആദ്യമത്സരത്തിനായി ക്യാമ്പ് നൗ തുറക്കാനൊരുങ്ങുന്നു

Image 3
Champions LeagueFeaturedFootball

ബാഴ്‌സ ആരാധകർക്ക് സന്തോഷമേകുന്ന വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. ചാമ്പ്യൻസ്‌ലീഗ് മത്സരങ്ങളുടെ ആരംഭത്തോടെ സ്റ്റേഡിയം ആരാധകർക്കു തുറുന്നു കൊടുക്കാനാവുമെന്നാണ് ബാഴ്‌സലോണ അധികൃതർ പ്രതീക്ഷിക്കുന്നത്. കോവിഡ് മഹാമാരി മൂലം അടഞ്ഞ സ്റ്റേഡിയത്തിനുള്ളിലാണ് മാസങ്ങളായി മത്സരങ്ങൾ നടന്നിരുന്നത്.

സ്പാനിഷ് മാധ്യമമായ മാർക്കയുടെ റിപ്പോർട്ടുകൾ പ്രകാരം ഫെറെൻക്വാരോസുമായി നടക്കാനിരിക്കുന്ന ചാമ്പ്യൻസ്‌ലീഗ് ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിലായിരിക്കും ബാഴ്‌സ ആരാധകർക്കായി സ്റ്റേഡിയം തുറന്നുകൊടുത്തേക്കുക. ഈ സീസണിലെ ബാഴ്സയുടെ ആദ്യ ചാമ്പ്യൻസ് ലീഗ്‌ മത്സരമാണ് ഫെറെൻക്വാരോയുമായി ബാഴ്‌സയുടെ തട്ടകത്തിൽ വെച്ചു നടക്കുന്നത്.

യുവേഫ ഇത്തരത്തിൽ എല്ലാ ക്ലബ്ബുകൾക്കും സ്റ്റേഡിയങ്ങൾ തുറക്കാനുള്ള അനുമതി നൽകാൻ ഉദ്ദേശിച്ചിരിക്കുകയാണ്. സ്റ്റേഡിയങ്ങളുടെ കപാസിറ്റിയിൽ 30 ശതമാനം മാത്രമേ ക്ലബ്ബുകൾക്ക് തുറന്നുകൊടുക്കാനാവുകയുള്ളു. അതും യുവേഫയുടെ ആരോഗ്യ സംരക്ഷണ മാനദണ്ഡങ്ങൾ പൂർത്തീകരിച്ചുകൊണ്ട് മാത്രം.

എന്നാൽ ഈ മാനദണ്ഡങ്ങൾ പൂർത്തീകരിച്ചു കൊണ്ടു തന്നെ ആരാധകർക്കായി സ്റ്റേഡിയം തുറന്ന് കൊടുക്കാനുള്ള ഒരുക്കത്തിലാണ് കാറ്റാലൻ വമ്പന്മാർ. ഇതോടെ ഏകദേശം മുപ്പത്തിനായിരത്തിനടുത്ത് ആരാധകർക്ക് ബാഴ്സയുടെ ചാമ്പ്യൻസ്‌ലീഗ് മത്സരങ്ങൾ ആസ്വദിക്കാൻ സാധിച്ചേക്കും.

“അധികൃതർ അനുവദിക്കുകയാണെങ്കിൽ, ഞങ്ങളുടെ ഉദ്ദേശം സ്റ്റേഡിയം തുറക്കാമെന്നു തന്നെയാണ്. എത്രയും പെട്ടെന്ന് സാധാരണസ്ഥിതിയിലേക്ക് വരുന്നോ അത്രയും നല്ലതാണ്. ഒപ്പം ഞങ്ങൾക്ക് കൂടുതൽ ഉത്തേജനവുമുണ്ടാവും.” ബാഴ്‌സയുടെ വൈസ് പ്രസിഡന്റ് ജോർദി മോയിക്സ് വെളിപ്പെടുത്തി. മാർച്ച്‌ 7നു ശേഷം ഇതുവരെ ക്യാമ്പ് നൗ ആരാധകർക്കായി തുറന്ന് കൊടുത്തിട്ടില്ല.

.