ബാഴ്സക്ക് പുതിയ പരിശീലകനെത്തും, ഈ നീക്കം അപ്രതീക്ഷിതം

ലാലിഗ കിരീടം നഷ്ടമായതിനു പുറമേ ഒസാസുനക്കെതിരെ ഞെട്ടിക്കുന്ന തോൽവിയും വഴങ്ങിയത് ബാഴ്സയിലെ ആഭ്യന്തര പ്രശ്നങ്ങളെ രൂക്ഷമാക്കിയിട്ടുണ്ട്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം പരിശീലക സ്ഥാനത്തു നിന്നും സെറ്റിയൻ പുറത്തു പോയേക്കും. ബാഴ്സലോണ താരങ്ങൾക്ക് സെറ്റിയനിൽ യാതൊരു താൽപര്യവും ഇല്ലാത്തതാണ് ഇതിന്റെ പ്രധാന കാരണം.

അതേ സമയം ആരാധകർ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു നിയമനമാണ് പരിശീലക സ്ഥാനത്തേക്ക് ബാഴ്സ നേതൃത്വത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാവുകയെന്നാണ് സൂചനകൾ. ചാമ്പ്യൻസ് ലീഗിനു മുന്നോടിയായി റോമ താരമായ ജസ്റ്റിൻ ക്ലുവർട്ടിന്റെ അച്ഛനും ബാഴ്സ ഇതിഹാസവുമായ പാട്രിക്ക് ക്ലുവർട്ടിനെയാണ് പരിശീലകനാക്കാൻ ബാഴ്സ നോട്ടമിടുന്നത്. ഫുട്ബോൾ എസ്പാനയും മുണ്ടോ ഡിപ്പോർട്ടിവോയുമാണ് ഇതു റിപ്പോർട്ടു ചെയ്തത്.

ക്യാമ്പ് നൂവിലും ബാഴ്സലോണ താരങ്ങൾക്കുമിടയിലെ പോപ്പുലർ ഫിഗറാണ് പാട്രിക്ക് ക്ലുവർട്ട്. 1998 മുതൽ 2004 വരെ ബാഴ്സയിലുണ്ടായിരുന്ന താരം 257 മത്സരങ്ങളിൽ നിന്നും 122 ഗോളുകൾ നേടിയിട്ടുണ്ട്. ക്ലുവർട്ടിനെ പരിശീലകനായി നിയമിക്കുക വഴി ബാഴ്സലോണ താരങ്ങൾക്കിടയിലുള്ള അദ്ദേഹത്തിന്റെ സ്വീകാര്യതയാണ് ക്ലബ് നേതൃത്വം പ്രധാനമായും പരിഗണനയിൽ എടുക്കുന്നത്.

ബാഴ്സലോണ അക്കാദമി ഡയറക്ടറായ അദ്ദേഹത്തിന്റെ നിയമനം ക്ലബിനകത്തെ ആഭ്യന്തര നീക്കമായിരിക്കും. അതേ സമയം പരിശീലകനെന്ന നിലയിൽ മികച്ച നേട്ടങ്ങളൊന്നും ക്ലുവർട്ടിനില്ല. ഡച്ച് ടീമിൽ വാൻ ഗാലിന്റെയും കാമറൂണിൽ സീഡോർഫിന്റെയും അസിസ്റ്റന്റായിരുന്നു അദ്ദേഹം.

You Might Also Like