സെറ്റിയനു പകരക്കാരനായി മുൻ പിഎസ്ജി പരിശീലകൻ ബാഴ്സയിലേക്ക്

Image 3
FeaturedFootball

ഫ്രാൻസിന്റെയും പിഎസ്ജിയുടെയും മുൻ പരിശീലകനായ ലോറന്റ് ബ്ലാങ്കിനെ സെറ്റിയനു പകരക്കാരനായി ബാഴ്സലോണ നിയമിക്കാനുള്ള സാധ്യതകൾ വർദ്ധിക്കുന്നു. ലാലിഗ കിരീടം നേടാൻ ബാഴ്സ പരാജയപ്പെട്ടതോടെ സെറ്റിയന്റെ തലയുരുളുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ ചാമ്പ്യൻസ് ലീഗിൽ ടീം പരാജയപ്പെട്ടാൽ അദ്ദേഹത്തെ ഒഴിവാക്കാനാണു ഇപ്പോഴത്തെ തീരുമാനം.

നേരത്തെ പാട്രിക് ക്ലുവർട്ട് ബാഴ്സയുടെ പരിശീലകനാവണമെന്ന് താരങ്ങൾ അഭിപ്രായം രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഫ്രഞ്ച് മാധ്യമമായ എൽഎക്വിപ്പെയുടെ റിപ്പോർട്ടുകൾ പ്രകാരം ലോറന്റ് ബ്ലാങ്കിനാണ് നിലവിൽ കൂടുതൽ സാധ്യത. ബാഴ്സ ഡയറക്ടറും മുൻ ഫ്രഞ്ച് താരവുമായ അബിദാലിനു ബ്ലാങ്കിനോടുള്ള താൽപര്യമാണ് ഇതിനു പിന്നിൽ.

2010 മുതൽ 2012 വരെ ബ്ലാങ്കിനു കീഴിൽ ഫ്രാൻസ് ടീമിൽ അബിദാൽ കളിച്ചിട്ടുണ്ട്. പൊസഷൻ അടിസ്ഥാനമാക്കിയുള്ള അദ്ദേഹത്തിന്റെ ശൈലി ബാഴ്സക്ക് അനുയോജ്യമാണെന്നാണ് അബിദാൽ കരുതുന്നത്. 2016ൽ പിഎസ്ജി വിട്ടതിനു ശേഷം പിന്നീട് ഒരു ടീമിനെയും പരിശീലിപ്പിച്ചിട്ടില്ലാത്ത ബ്ലാങ്കിന് ബാഴ്സലോണ പരിശീലക സ്ഥനം ഏറ്റെടുക്കാൻ താൽപര്യവുമുണ്ട്.

ബാഴ്സലോണക്കു വേണ്ടി ഒരു സീസൺ കളിച്ചിട്ടുള്ള ബ്ലാങ്ക് പരിശീലകനായിരിക്കെ ബോർഡെക്സിനെ ഒരു തവണയും പിഎസ്ജിയെ മൂന്നു തവണയും ഫ്രഞ്ച് ലീഗ് ജേതാക്കളാക്കിയിട്ടുണ്ട്. എന്നാൽ ഒരു വർഷത്തേക്കു മാത്രമായിരിക്കും മുൻ ലോകകപ്പ് ജേതാവിന്റെ നിയമനം എന്നാണു സൂചനകൾ.