കൂമാന്റെ പ്രിയതാരവും നഷ്ടമാവുന്നു, ബാഴ്‌സക്കിത് തിരിച്ചടികളുടെ കാലം

Image 3
FeaturedFootballLa Liga

ബാഴ്സയുടെ പുതിയ പരിശീലകനായ റൊണാൾഡ് കൂമാന്റെ പ്രിയതാരങ്ങളിലൊരാളാണ് ഡോണി വാൻ ഡി ബീക്ക്. കൂമാൻ ബാർസയിലേക്കെത്തിക്കാൻ നോട്ടമിട്ട താരമാണ് വാൻ ഡി ബീക്കെന്നു അഭ്യൂഹങ്ങൾ സജീവമായിരുന്നു. എന്നാൽ താരത്തെ ബാഴ്സക്ക് നഷ്ടമായതായാണ് പുതിയ റിപ്പോർട്ടുകൾ.

അയാക്സിന്റെ ഈ ഡച്ച് മധ്യനിര താരം ഇനി പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് കൂടുമാറിയേക്കും. ഈ വിവരം താരം തന്നെ അയാക്സിലെ തന്റെ സഹതാരങ്ങളെ അറിയിച്ചെന്നാണ് പുതിയ വിവരം. അധികം വൈകാതെ തന്നെ ഔദ്യോഗികസ്ഥിരീകരണം വന്നേക്കും.

യുണൈറ്റഡ് പരിശീലകൻ സോൾക്ഷർ മധ്യനിരയുടെ കരുത്ത് വർധിപ്പിക്കാനായി ഏറ്റവും കൂടുതൽ പിന്തുടർന്ന താരമായിരുന്നു ഡോണി വാൻ ഡി ബീക്ക്. മാഞ്ചസ്റ്റർ യുണൈറ്റഡും അയാക്‌സും തമ്മിൽ അനൗദ്യോഗികകരാറിൽ എത്തിയതായി ബിബിസി സ്പോർട്ട് റിപ്പോർട്ട്‌ ചെയ്യുന്നു.

ബാഴ്‌സയെ കൂടാതെ മറ്റു അനേകം ക്ലബുകൾ നോട്ടമിട്ട താരമാണ് വാൻ ഡി ബീക്. റയൽ മാഡ്രിഡും താരത്തിന് വേണ്ടി ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ കോറോണക്ക് ശേഷം അത് ഉപേക്ഷിക്കുകയായിരുന്നു. നാല്പത് മില്യൺ പൗണ്ട് ആണ് താരത്തിന് വേണ്ടി യുണൈറ്റഡ് മുടക്കിയേക്കുക. ഇരുപത്തിമൂന്നുകാരനായ താരം അഞ്ച് വർഷത്തെ കരാറാണ് യുണൈറ്റഡിനൊപ്പം ഒപ്പുവെക്കുക.സാഞ്ചോക്ക് വേണ്ടി യുണൈറ്റഡ് കഠിനശ്രമം നടത്തിയിരുന്നുവെങ്കിലും അത്‌ നടക്കാതെ പോവുകയായിരുന്നു.