ബാഴ്സയിൽ നിന്നും ഹമേസിനു പിന്തുണ, സിദാനെതിരെ വിമർശനം

Image 3
FeaturedFootball

കൊളംബിയൻ സൂപ്പർതാരമായ ഹമേസ് റോഡ്രിഗസിനു പിന്തുണയുമായി ബാഴ്സലോണ മിഡ്ഫീൽഡർ അർതുറോ വിദാൽ. റയലിൽ ഈ സീസണിൽ അവസരങ്ങൾ വളരെ കുറവുള്ള താരം മറ്റേതെങ്കിലും ക്ലബിലേക്കു ചേക്കേറുന്ന കാര്യം പരിഗണിക്കണമെന്നു പറഞ്ഞ താരം സിദാനെതിരെ പരോക്ഷമായി വിമർശനം നടത്തുകയും ചെയ്തു. സ്പാനിഷ് മാധ്യമം മാർക്കയാണിതു വെളിപ്പെടുത്തിയത്.

“ഹമേസ് എനിക്കു സഹോദരനെ പോലെയാണ്. ബയേൺ മ്യൂണിക്കിൽ ഉണ്ടായിരുന്ന സമയത്ത് ഞങ്ങൾ രണ്ടു പേരും മികച്ച സൗഹൃദം സൃഷ്ടിച്ചിരുന്നു. എപ്പോഴും സംസാരിക്കുന്ന ഞങ്ങൾ ഒഴിവുദിവസങ്ങളും ഒരുമിച്ചു ചിലവഴിച്ചിരുന്നു. റയൽ പരിശീലകനുമായി ഹമേസിനു പ്രശ്നങ്ങൾ ഉണ്ടെന്ന വാർത്തകൾ അസ്വസ്ഥത ഉണ്ടാക്കുന്നതാണ്.”

“റയൽ മാഡ്രിഡിന്റെ ആദ്യ ഇലവനിൽ തന്നെ കളിക്കാൻ മികവുള്ള ഹമേസിന് ഈ വർഷം ഒരവസരം പോലും നൽകാത്തത് എന്തു കൊണ്ടാണെന്നു മനസിലാകുന്നില്ല. അദ്ദേഹം കളിക്കളത്തിൽ തുടരാൻ ഒരു ശരിയായ തീരുമാനമെടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഹമേസ് തിരിച്ചു വരാൻ ആരാധകരും കാത്തിരിക്കുകയാണ്.” വിദാൽ പറഞ്ഞു.

കഴിഞ്ഞ സീസണിൽ അറ്റ്ലറ്റികോ മാഡ്രിഡ് തനിക്ക് ഓഫർ നൽകിയെങ്കിലും അതിനു റയൽ അനുവദിച്ചില്ലെന്ന് താരം വെളിപ്പെടുത്തിയിരുന്നു. അടുത്ത വർഷം കരാർ അവസാനിക്കുന്ന താരം ഈ സീസണു ശേഷം റയൽ വിടുമെന്നുറപ്പാണ്. മാഞ്ചസ്റ്റർ യുണൈറ്റഡുൾപ്പെടെ നിരവധി ക്ലബുകൾ താരത്തിനായി ശ്രമം നടത്തുന്നുണ്ട്.