സുവാരസ് പുറത്ത്, മാർട്ടിനെസിനായി ദ്രുതഗതിയിൽ ബാഴ്‌സ

അർജന്റീനിയൻ സൂപ്പർ താരം ലുവറ്റാരോ മാർട്ടിനെസിന് വേണ്ടിയുള്ള ശ്രമങ്ങൾ ബാഴ്സ കുറച്ചു നാളുകളായി നിർത്തിവെച്ചിരിക്കുകയായിരുന്നു. കോവിഡ് പ്രതിസന്ധി മൂലം സാമ്പത്തികസ്ഥിതിഗതികൾ താളംതെറ്റിയതാണ് ഇതിനു കാരണം. എന്നാൽ പുതിയ പരിശീലകൻ കൂമാന്റെ വരവോടെ ബാഴ്സയിൽ കാര്യങ്ങളെ ദ്രുതഗതിയിൽ ആക്കിയിരിക്കുകയാണ്.

ബാഴ്സ ഇന്ററിൽ സമ്മർദ്ദം ചെലുത്തി വീണ്ടും ചർച്ചകൾ പുനരാരംഭിച്ചിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ. എന്നാൽ കൂടുതൽ കാലം ലുവറ്റാരോയെ പിടിച്ചു നിർത്താൻ പറ്റില്ല എന്ന് മനസ്സിലാക്കിയ ഇന്റർ മറ്റൊരു നീക്കം ആരംഭിച്ചു കഴിഞ്ഞു. ലൗറ്ററോ മാർട്ടിനെസിന്റെ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഇന്റർ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. സ്പാനിഷ് മാധ്യമമായ സ്പോർട്ട് ആണ് ഇതിനെക്കുറിച്ചു റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

മാർട്ടിനെസിനെ ബാഴ്‌സക്ക് കൈമാറാൻ തന്നെയാണ് ഇന്ററിന്റെ തീരുമാനം. പക്ഷെ കരാർ തുകയിലാണ് ഇരുടീമുകൾക്കിടയിലും ഉള്ള അസ്വാരസ്യം. നിലവിൽ ബാഴ്‌സ ഓഫർ ചെയ്തിരിക്കുന്നത് 65 മില്യൺ യുറോയും പിന്നെ ഒരു താരവുമാണ്. ജൂനിയർ ഫിർപ്പോ, നെൽസൺ സെമെടോ, അല്ലെങ്കിൽ ജോർദി ആൽബ എന്നിവരിൽ ഒരാളെയാണ് ബാഴ്‌സ നൽകാൻ ഉദ്ദേശിക്കുന്നത്.

എന്നാൽ 80 മില്യൺ യുറോയും കൂടെ ഒരു താരവും എന്നാണ് ഇന്റർ മിലാന്റെ ആവശ്യം. ഇതാണിപ്പോൾ ട്രാൻസ്ഫറിനിടയിലുള്ള തടസ്സമായി നിലനിൽക്കുന്നത്. എന്നാൽ ഒരാഴ്ച്ചക്കകം ഇതിനു തീരുമാനമാവുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം ലൂയിസ് സുവാരസ് ടീം വിടുമെന്നുറപ്പായതോടെ ലുവറ്റാരോ ട്രാൻസ്ഫർ അനിവാര്യമായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് ബാഴ്‌സക്ക് നിലവിലുള്ളത്.

You Might Also Like