നെയ്മറുടെ പിൻഗാമിയെ ബ്രസീലിൽ നിന്നും റാഞ്ചി ബാഴ്സലോണ

അടുത്ത സീസണിലേക്കായി ഒരു ട്രാൻസ്ഫർ കൂടി പൂർത്തിയാക്കി ബാഴ്സലോണ. ബ്രസീലിയൻ ക്ലബായ സാവോ പോളോയുടെ മുന്നേറ്റ നിര താരമായ ഗുസ്താവോ മയയെയാണ് ബാഴ്സലോണ സ്വന്തമാക്കിയത്. ട്രാൻസ്ഫർ ബ്രസീലിയൻ ക്ലബ് സ്ഥിരീകരിച്ചുവെന്ന് ഇഎസ്പിഎൻ റിപ്പോർട്ടു ചെയ്യുന്നു.

ഏതാണ്ട് 4.5 ദശലക്ഷം മൂല്യമുള്ള ട്രാൻസ്ഫറിലാണ് ബാഴ്സ പത്തൊൻപതുകാരനായ ബ്രസീലിയൻ താരത്തെ സ്വന്തമാക്കിയത്. ജനുവരിയിൽ തന്നെ താരത്തെ സ്വന്തമാക്കാൻ ഒരു മില്യൺ മൂല്യമുള്ള കരാറിൽ ബാഴ്സ എത്തിയിരുന്നു. ആ കരാർ ജൂലൈ 15ന് അവസാനിക്കാൻ ഇരിക്കെയാണ് താരത്തിന്റെ ട്രാൻസ്ഫർ ബാഴ്സ പൂർത്തിയാക്കിയത്.

വേഗതയും ഗോളടിക്കാനുള്ള കഴിവും പാസിംഗ് മികവുമുള്ള താരം ഇതുവരെ സീനിയർ ടീമിനു വേണ്ടി കളിക്കാനിറങ്ങിയിട്ടില്ല. സാവോ പോളോ ജൂനിയർ ടീമിനു വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന താരത്തെ ലിവർപൂൾ, അത്ലറ്റിറ്റികോ മാഡ്രിഡ് ടീമുകൾ ലക്ഷ്യമിട്ടിരുന്നു.

നേരത്തെ ബാഴ്സ ലക്ഷ്യമിട്ട വിനീഷ്യസ്, റോഡ്രിഗോ എന്നിവരെ റയൽ സ്വന്തമാക്കിയതിനു പിന്നാലെയാണ് പുതിയ താരത്തെ ബാഴ്സ സ്വന്തമാക്കിയത്. ഇതും ചേർത്ത് അടുത്ത സീസണിലേക്ക് മൂന്നു ട്രാൻസ്ഫറുകൾ ബാഴ്സ ഉറപ്പിച്ചിട്ടുണ്ട്. മുന്നേറ്റനിര താരം ട്രിൻകാവോ, മധ്യനിര താരം പെഡ്രി എന്നിവരാണ് ടീമിലെത്തുക.

You Might Also Like