സാമ്പത്തികമായി ബാർസ തകർച്ചയിൽ, അഞ്ചു സൂപ്പർതാരങ്ങളെ വിൽക്കാനൊരുങ്ങി ബാർസ

Image 3
FeaturedFootballLa Liga

കോവിഡ് മഹാമാരി മൂലം ബാഴ്സയുടെ വരുമാനത്തിൽ  വലിയ ഇടിവാണുണ്ടായിരിക്കുന്നത്.  വരുമാനത്തിന്റെ എൺപത് ശതമാനവും കാണികളിൽ നിന്നുള്ള വരുമാനമായതിനാൽ സാമ്പത്തിക പ്രതിസന്ധി ബാഴ്‌സയെ വല്ലാതെ പിടിച്ചുലച്ചിരിക്കുകയാണ്. താരങ്ങളുടെ വേതനം വെട്ടിക്കുറച്ചില്ലെങ്കിൽ ക്ലബ്ബ് പാപ്പരാവുമെന്നുള്ള അവസ്ഥ വരെയെത്തിനിൽക്കുകയാണ്.

അതു കൊണ്ടു തന്നെ വരുന്നത് ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ  താരങ്ങളെ  വില്പനക്ക് വെച്ച് പണം സ്വരൂപിക്കാനുള്ള തയ്യാറെടുപ്പിലാണ് ബാഴ്സ. 171 മില്യൺ യൂറോ വരെ നിലവിൽ ബാഴ്സക്ക് പിടിച്ചു നിൽക്കാൻ ആവശ്യമുണ്ടെന്നാണ് സ്പെയിനിൽ നിന്നുള്ള റിപ്പോർട്ടുകൾ. ഒപ്പം പുതിയ താരങ്ങളെ സ്വന്തമാക്കണമെങ്കിലും ബാഴ്‌സക്ക് താരങ്ങളെ വില്പനക്ക് നടത്തേണ്ടതായുണ്ട്.

അഞ്ചു താരങ്ങളെയാണ് ബാഴ്‌സ ജനുവരി ട്രാൻസ്ഫറിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്.  പരിക്കുകൾ മൂലം ഒരുപാട് മത്സരങ്ങൾ പുറത്തിരിക്കേണ്ടി വന്ന ഉസ്മാൻ ഡെമ്പെലെയാണ് ലിസ്റ്റിൽ ഒന്നാം  സ്ഥാനത്തു നിൽക്കുന്ന സൂപ്പർതാരം. ഡോർമുണ്ടിൽ നിന്നും  വൻതുക മുടക്കി  എത്തിച്ച താരത്തിൽ നിന്നും പ്രതീക്ഷിച്ച പ്രകടനം കിട്ടാഞ്ഞതും വൻ തുക ട്രാൻസ്ഫറിൽ കിട്ടുമെന്നുമെന്നതുമാണ് വിപണിയിലുൾപ്പെടുത്താനുള്ള കാരണം. ഒപ്പം മറ്റൊരു ഫ്രഞ്ച് താരമായ സാമുവേൽ ഉംട്ടിട്ടിയേയും ട്രാൻസ്ഫറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മുട്ടിനേറ്റ പരിക്കു മൂലം പുറത്തിരിക്കേണ്ടി വന്ന താരം തിരിച്ചു വരവിന്റെ പാതയിലാണുള്ളത്. ഒപ്പം യുവതാരങ്ങളായ കാർലെസ് അലെനയേയും  ജോർഡി ആൽബക്ക് പകരക്കാരനായി  കൊണ്ടു വന്ന ജൂനിയർ ഫിർപ്പോയും ക്ലബ്ബിനു പുറത്തേക്കുള്ള വഴിയിലാണ്. സെറ്റിയന്റെ ബാഴ്സയിൽ സുവാരസിനു ബാക്കപ്പായി വന്ന മാർട്ടിൻ ബ്രയിത്വെയ്റ്റും മറ്റു താരങ്ങൾക്കൊപ്പം ബാഴ്‌സ വിട്ടേക്കും. താരങ്ങളുടെ വില്പനയിലൂടെ സാമ്പത്തികമായി നിലനിൽക്കാനുള്ള ശ്രമത്തിലാണ് ബാഴ്സയുള്ളത്.