എഴുപതു മില്യണും ഒരു താരവും, ലൗടാരോ മാർട്ടിനസിലേക്ക് ബാഴ്സ അടുക്കുന്നു

ഇന്റർ മിലാന്റെ അർജന്റീനിയൻ സ്ട്രൈക്കറായ ലൗടാരോ മാർട്ടിനസിനെ സ്വന്തമാക്കാനുള്ള ബാഴ്സയുടെ നീക്കങ്ങൾ ലക്ഷ്യത്തിലേക്ക്. മാർട്ടിനസിനു വേണ്ടി എഴുപതു മില്യൺ യൂറോയും ലെഫ്റ്റ് ബാക്കായി കളിക്കുന്ന ജൂനിയർ ഫിർപോയേയും നൽകാൻ ധാരണയായി എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.

111 ദശലക്ഷം യൂറോക്ക് ലൗടാരോയെ സ്വന്തമാക്കാമെന്നുള്ള റിലീസിങ്ങ് ക്ളോസ് അവസാനിച്ചുവെങ്കിലും താരം അടുത്ത സീസണിൽ ബാഴ്സയിൽ ഉണ്ടാകുമെന്നാണ് കദേന സെറിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതേ തുകക്ക് തന്നെയാണ് ബാഴ്സ താരത്തെ സ്വന്തമാക്കുകയെന്നാണ് സൂചനകൾ.

എഴുപതു മില്യൺ യൂറോ തുകയായും 41 മില്യൺ ജൂനിയർ ഫിർപോയുടെ മൂല്യമായുമാണ് കണക്കാക്കുന്നത്. കഴിഞ്ഞ സീസണിൽ റയൽ ബെറ്റിസിൽ നിന്നും ബാഴ്സ പതിനെട്ടു മില്യനോളം നൽകി സ്വന്തമാക്കിയ താരം ഇരുപത്തിയൊന്നു മത്സരങ്ങൾ കളിച്ച് ഒരു ഗോളും രണ്ട് അസിസ്റ്റുമാണ് സ്വന്തമാക്കിയിരിക്കുന്നത്.

നാൽപതു ദശലക്ഷത്തിന് ഹക്കിമിയെ സ്വന്തമാക്കിയ ഇന്റർ ഇത്രയും കൂടിയ തുക ഫിർപോക്ക് അംഗീകരിച്ചത് ആശ്ചര്യമാണ്. എന്നാൽ ബാഴ്സയിലേക്കു ചേക്കേറാൻ ലൗടാരോ മാർട്ടിനസ് നിരന്തരം സമ്മർദ്ദം ചെലുത്തുന്നതാണ് ഇതിനു കാരണമെന്ന റിപ്പോർട്ടുകളുമുണ്ട്.

You Might Also Like