ആർതർ സഹതാരങ്ങളെയും അപമാനിച്ചു, രൂക്ഷമായി വിമർശിച്ച് ബാഴ്സലോണ പ്രസിഡന്റ്

Image 3
FeaturedFootball

ബാഴ്സലോണയിലേക്കു മടങ്ങിയെത്തുന്നില്ലെന്ന ബ്രസീലിയൻ താരം ആർതറിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ബാഴ്സലോണ പ്രസിഡന്റ് ബർട്ടമൂ. യുവന്റസുമായി കരാറിലെത്തിയെങ്കിലും ഈ സീസൺ അവസാനിക്കുന്നതു വരെ താരം ബാഴ്സലോണയിൽ തന്നെ തുടരേണ്ടതായിരുന്നു. എന്നാൽ ഈ സീസണിലെനി ബാഴ്സക്കു വേണ്ടി കളിക്കില്ലെന്ന തീരുമാനം വഴി ബാഴ്സ സഹതാരങ്ങളെ അപമാനിക്കുന്നതിനു തുല്യമാണെന്നാണ് ബർട്ടമൂ പറയുന്നത്.

“ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ വേണ്ടി ആത്മവിശ്വാസത്തോടെ തയ്യാറെടുക്കുന്ന സഹതാരങ്ങളോട് മര്യാദകേടാണ് ആർതർ കാണിച്ചത്. ബാഴ്സയിലേക്കു തിരിച്ചു വരാതെ ഇത്രയും വലിയൊരു ടൂർണമെന്റിൽ നിന്നും സ്വയം ഒഴിവാകുയെന്നത് ഒരിക്കലും അംഗീകരിക്കാനാവാത്ത കാര്യമാണ്.” സ്പാനിഷ് മാധ്യമമായ സ്പോർടിനോടു സംസാരിക്കുമ്പോൾ ബർട്ടമൂ പറഞ്ഞു.

“സീസൺ പൂർത്തിയാകുന്നതു വരെ ലീഗും ചാമ്പ്യൻസ് ലീഗുമടക്കമുള്ള മത്സരങ്ങളിൽ ടീമിനൊപ്പം തുടരണമെന്നാണ് താരവുമായുള്ള കരാർ. ടീമിനെ പല രീതിയിലും സഹായിക്കാൻ കഴിയുന്ന താരമാണ് ആർതർ. എന്നാൽ വെക്കേഷൻ കഴിഞ്ഞ് തിരിച്ചെത്തില്ലെന്നും ബാഴ്സക്കു വേണ്ടി ഇനി കളിക്കില്ലെന്നുമുള്ള തീരുമാനങ്ങൾ അംഗീകരിക്കാനാവില്ല.”

ബാഴ്സ പരിശീലക സ്ഥാനത്ത് സെറ്റിയൻ തന്നെ തുടരുമെന്നും ബർട്ടമൂ പറഞ്ഞു. കൊവിഡ് മൂലം പ്രതിസന്ധിയിലായ ഒരു സീസണിലെ ആറു മാസത്തെ പ്രകടനം കണക്കാക്കി ഒരു പരിശീലകനെ വിലയിരുത്താൻ കഴിയില്ലെന്നും പുതിയ പരിശീലകർക്കായി ബാഴ്സ ഒരു നീക്കവും നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.