മെസിയുമായി ഇനിയൊരു വിവാദത്തിനില്ല, മെസിയുടെ വീടുതന്നെയാണ് ബാഴ്സയെന്നു പ്രസിഡന്റ്

Image 3
FeaturedFootballLa Liga

ഫുട്ബോൾ ലോകം വളരെയധികം ചർച്ച ചെയ്ത വാർത്തയായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സ വിടാനൊരുങ്ങുന്നുവെന്നത്. ബാഴ്സ വിടാൻ ക്ലബ്ബിനോട് അനുമതി ചോദിച്ചത് മുതൽ ഉടലെടുത്ത അഭ്യൂഹങ്ങൾക്ക് വിരാമമായത് ലാലിഗ കൂടി ഇടപെട്ടതോടെയാണ്. ശേഷം ഗോളിന് നൽകിയ അഭിമുഖത്തിലാണ് മെസ്സി ബാഴ്‌സയിൽ ഒരു സീസൺ കൂടി തുടരുമെന്ന് അഭിപ്രായപ്പെട്ടത്.

ബർതൊമ്യു വാക്കുനൽകിയതൊന്നും പാലിച്ചില്ലെന്നും തനിക്ക് പോകാൻ എപ്പോൾ വേണമെങ്കിലും അനുവാദമുണ്ടെന്നു പറഞ്ഞിട്ടു പിന്നീട് തന്നെ പോകാൻ അനുവദിച്ചില്ലെന്നും മെസി ആരോപിക്കുന്നു. എന്നാൽ ഈ വിഷയത്തിൽ പ്രതികരണം രേഖപ്പെടുത്തിയിരിക്കുകയാണ് ബാഴ്‌സ പ്രസിഡന്റ്‌. ലോകത്തിലെ ഏറ്റവും മികച്ച താരത്തെ ക്ലബ് വിട്ടു പോവാൻ തനിക്ക് അനുവദിക്കാനാവില്ലെന്നാണ് ബർതൊമ്യു അറിയിച്ചത്. മെസി വിഷയത്തിൽ ഇനിയൊരു വിവാദം സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

“ബാഴ്‌സയുടെ പ്രസിഡന്റായിരിക്കെ ഇനി മെസിയുമായി ഒരു വിവാദത്തിന് തുടക്കം കുറിക്കാൻ ഞാനില്ല. അദ്ദേഹം ഞങ്ങളുടെ നായകനാണ്. നിലവിൽ പ്രശ്നങ്ങൾഒരുവിധം ഒതുങ്ങിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് എന്താണോ അതവിടെ കഴിഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച താരത്തെ ക്ലബ് വിടാൻ ഞാൻ അനുവദിക്കില്ല. ടീമിന് അദ്ദേഹത്തെ ആവിശ്യമുണ്ട്. അദ്ദേഹം വിജയങ്ങൾ നൽകുന്നു. കാര്യങ്ങൾ അദ്ദേഹത്തിന്റെ വീടായ ബാഴ്സയിൽ വെച്ചാണ് ചർച്ച ചെയ്യേണ്ടത്. തീർച്ചയായും അദ്ദേഹത്തിന് ടീമിന്റെയും സഹതാരങ്ങളുടെയും പിന്തുണയുണ്ട്.”

“ഇപ്പോഴും മെസ്സി ഞങ്ങളുടെ കൂടെ ഉണ്ട് എന്ന കാര്യത്തിൽ ഞങ്ങൾ സ്വയം അഭിനന്ദിക്കേണ്ടതുണ്ട്. പരിശീലകനായ റൊണാൾഡ് കൂമാന്റെ പദ്ധതികളിൽ തീർച്ചയായും മെസിയിൽ താല്പര്യവും പ്രതീക്ഷയുള്ളവനുമാണ്. പ്രധാനകാര്യം എന്തെന്നാൽ അദ്ദേഹം ബാഴ്സയുടെ താരമാണ്. ഇത് അദ്ദേഹത്തെ വീടാണ്. അദ്ദേഹം ഈ ക്ലബ്ബിൽ വിരമിക്കുന്നത് കാണാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.” ടിവി ത്രീക്ക് നൽകിയ അഭിമുഖത്തിൽ ബർതോമ്യു വ്യക്തമാക്കി.