നെയ്മറെ വേണ്ടെന്ന് ബാഴ്‌സ, ലുവറ്റാറോയ്ക്കായുളള ശ്രമവും അനിശ്ചിതത്തില്‍

Image 3
FeaturedFootball

കഴിഞ്ഞ സീസൺ മുതലേ സൂപ്പർതാരം നെയ്മറെ പിഎസ്ജിയിൽ നിന്നും ക്യാമ്പ് നൂവിലെത്തിക്കാൻ ബാഴ്‌സ ശ്രമം നടത്തിയിരുന്നു. എന്നാൽ ഈ വർഷം ഇനി നെയ്മർ ജൂനിയർക്കുവേണ്ടി പിഎസ്ജിയുമായി കരാറിലെത്താൻ ശ്രമിക്കില്ലെന്നറിയിച്ചിരിക്കുകയാണ് ബാഴ്സ പ്രസിഡന്റ്‌ ജോസെപ് മരിയ ബെർതെമ്യു. കാറ്റാലൻ മുഖപത്രമായ സ്പോർട്ടിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം നെയ്മറിന്റെയും ലൗറ്ററോയുടെ ട്രാൻസ്ഫറുകളെ കുറിച്ച് സംസാരിച്ചത്.

ലൗറ്ററോ ട്രാൻസ്ഫർ ചർച്ചകളും താൽകാലികമായി നിർത്തി വെച്ചിരിക്കുകയാണ് എന്നാണ് പ്രസിഡന്റ്‌ അറിയിച്ചത്. മാത്രമല്ല അടുത്ത സീസണിലും പരിശീലകൻ സെറ്റിയൻ തന്നെയായിരിക്കുമെന്ന സൂചനകളും അദ്ദേഹം നൽകി. ഞങ്ങൾക്കും അദ്ദേഹത്തിനുമിടക്ക് ഒരു കരാറുണ്ട് എന്നാണ് സെറ്റിയനെ കുറിച്ച് ചോദിച്ചപ്പോൾ ബെര്തെമ്യു അഭിപ്രായപ്പെട്ടത്.

“സെറ്റിയന് ബാഴ്സയിൽ ഒരു കരാറുണ്ട്. അതിൽ ഈ സീസണിലേക്കും അടുത്ത സീസണിലേക്കും ബാഴ്സയെ പരിശീലിപ്പിക്കാനാണ് അദ്ദേഹത്തെ നിയമിക്കുന്നതെന്നാണുള്ളത്. ഏതാനും മാസങ്ങൾക്ക് കൊണ്ട് ഒരു പരിശീലകനെ വിലയിരുത്തുക എന്നുള്ളത് ബുദ്ദിമുട്ടാണ്. പ്രത്യേകിച്ച് ഈ കോവിഡ് പ്രതിസന്ധിക്കിടയിൽ.”

“നെയ്മറുടെയും ലൗറ്ററോയുടെയും ട്രാൻസ്ഫർ സാധ്യമായ സാഹചര്യമല്ലയിത്. പിഎസ്ജിക്ക് അദ്ദേഹത്തെ വിൽക്കണമെന്നില്ല. തീർച്ചയായും അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ്. കഴിഞ്ഞ സമ്മറിൽ അദ്ദേഹത്തിന് വേണ്ടി ഒരുപാട് ശ്രമിച്ചു. എന്നാൽ ഇത്തവണ അതുണ്ടാവില്ല. ലൗറ്ററോയെ പോലെയുള്ള ഒരു താരത്തെ ഉപേക്ഷിക്കാൻ ബാഴ്സക്കാവില്ല. ഞങ്ങൾ ഒരുപാട് തവണ ഇന്ററുമായി സംസാരിച്ചു. എന്നാലിപ്പോൾ അത് നിർത്തി വെച്ചിരിക്കുകയാണ്. ഒരു വലിയ നിക്ഷേപം നടത്താനുള്ള സ്ഥിതി അല്ല ഇപ്പോൾ ഉള്ളത് ” ബെർതെമ്യു വ്യക്തമാക്കി.