‘അൻസു ഫാറ്റി വില്പനക്കുള്ളതല്ല, കരിയര്‍ മുഴുവന്‍ ബാഴ്‌സക്കായി കളിക്കും’

Image 3
FeaturedFootball

ബാഴ്സലോണക്കു വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കുന്ന പുത്തൻതാരോദയം അൻസു ഫാറ്റിയെ വിൽക്കാൻ ഉദ്ദേശമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബാഴ്സ പ്രസിഡന്റ്‌ ബർതോമ്യു. കാറ്റാലൻ മാധ്യമമായ സ്പോർട്ടിന് നൽകിയ അഭിമുഖത്തിലാണ് ഫാറ്റിയുടെ ബാഴ്സയിലെ ഭാവിയെക്കുറിച്ചുള്ള നിലപാടുകൾ അദ്ദേഹം വ്യക്തമാക്കിയത്.

താരത്തെ സ്വന്തമാക്കാൻ നിരവധി ക്ലബ്ബുകൾ പിന്നാലെയുണ്ടെന്നും  ബാഴ്സ താരത്തിന്റെ കരാർ പുതുക്കാനുള്ള ശ്രമത്തിലാണെന്നുമായിരുന്നു  താരത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ. എന്നാലത് ശരിവെക്കും വിധമാണ് ബർതോമ്യു ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. ഔദ്യോഗികമായി ഒരു ക്ലബും താരത്തിന് വേണ്ടി സമീപിച്ചിട്ടില്ലെങ്കിലും ഒട്ടേറെ ക്ലബുകൾ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം തുറന്നു പറഞ്ഞു.

“താല്പര്യം പ്രകടിപ്പിച്ചു കൊണ്ട് ചില ക്ലബുകൾ ബാഴ്‌സയെ സമീപിച്ചിട്ടുണ്ട്. പക്ഷെ ബാഴ്സയുടെ ഉത്തരം നോ എന്നാണ്. ക്ലബിന്റെ ഭാവിക്ക് വളരെ നിർണായകമായ ഒരു താരമാണ് ഫാറ്റി. ഫസ്റ്റ് ടീമിനൊപ്പം ഒരുപാട് കാര്യങ്ങൾ അദ്ദേഹം പഠിച്ചിട്ടുണ്ട്. ഫാറ്റിയെ പോലെയുള്ള താരങ്ങളെ ബാഴ്സ ഒരിക്കലും വിൽക്കാൻ ഉദ്ദേശിക്കുന്നില്ല.”

“എന്തൊക്കെ സാമ്പത്തികപ്രശ്നങ്ങൾ നേരിടേണ്ടി വന്നാലും ഫാറ്റി വില്പനക്ക് ഉള്ളതല്ല. അവന്റെ വളർച്ചക്ക് സഹായകരമാവാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. കരിയർ മുഴുവനും അവൻ ബാഴ്സക്ക് വേണ്ടി കളിക്കണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. അദ്ദേഹം ബാഴ്സ ബിക്ക് വേണ്ടിയാണ് സൈൻ ചെയ്തെതെങ്കിലും അദ്ദേഹം അർഹിക്കുന്നത് ഫസ്റ്റ് ടീമാണ് ” ബർതോമ്യു വെളിപ്പെടുത്തി.