സാവി ആവശ്യപ്പെട്ടാൽ റാമോസിനെയും ബാഴ്സയിലെത്തിക്കും, ബാഴ്സ പ്രസിഡന്റ് മത്സരാർത്ഥി വിക്ടർ ഫോണ്ട് പറയുന്നു

Image 3
FeaturedFootballLa Liga

അവിശ്വാസപ്രമേയത്തിനൊടുവിൽ ബാഴ്സയിൽ നിന്നും ജോസെപ് മരിയ ബർതോമ്യുവിന് പ്രസിഡന്റ് സ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു. ജനുവരിയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ബാഴ്സക്ക് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. തിരഞ്ഞെടുപ്പിൽ പഴയ പ്രസിഡന്റായ ജൊവാൻ ലാപോർട്ടക്കൊപ്പം മത്സരിക്കുന്ന മറ്റൊരു മത്സരാർത്ഥിയാണ് വിക്ടർ ഫോണ്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ അഭിമുഖത്തിൽ ചോദ്യങ്ങൾക്കുള്ള മറുപടി നൽകിയിരിക്കുകയാണ് ഫോണ്ട്.

റയൽ മാഡ്രിഡിൽ കരാർ പുതുക്കാതിരിക്കുന്ന സൂപ്പർ ഡിഫൻഡർ സെർജിയോ റാമോസിനെ ബാഴ്സയിലെത്തിക്കുമോയെന്ന ചോദ്യത്തിന് ഫോണ്ട് ഇങ്ങനെ മറുപടി നൽകി. ” സാവി എന്നോട് റാമോസിനെ സൈൻ ചെയ്യാൻ ആവശ്യപ്പെടുകയാണെങ്കിൽ സാമ്പത്തികമായി സാധ്യമായതാണെങ്കിൽ നടപ്പിലാക്കും.” സൂപ്പർതാരം ലയണൽ മെസിയെക്കുറിച്ചും ഫോണ്ട് ചോദ്യങ്ങൾക്ക് മറുപടി നൽകി.

പുതിയ പ്രസിഡന്റെന്ന നിലക്ക് ബാഴ്സയിലെ ആദ്യ ജോലി ലയണൽ മെസിയെ നിലനിർത്തുകയെന്നതാണ്. നിലവിൽ മാഞ്ചസ്റ്റർ സിറ്റിയെപ്പോലുള്ള വമ്പന്മാർ താരത്തിനു പിറകിലുള്ളത് ആ ജോലി വളരെ ശ്രമകാരമാക്കുന്നു. മെസിയെ ബാഴ്സയിൽ നിലനിർത്താനാവുമോയെന്ന ചോദ്യത്തിനും ഫോണ്ട് മറുപടി നൽകി.”മെസി നിരാശനാണ്. ബാഴ്സയിൽ നിന്നും എപ്പോൾ വേണമെങ്കിലും വിട്ടു പോവാമെന്ന് മെസിയോട് ക്ലബ്ബ് ഉറപ്പു നൽകിയിരുന്നു. എന്നാൽ ആ വാക്ക് പാലിക്കാൻ അവർക്ക് കഴിഞ്ഞില്ല.”

” എന്നാലിപ്പോൾ പുതിയ പ്രൊജക്ടുകൾ മുന്നോട്ടു വെച്ച് നമുക്ക് മെസിയെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. നമുക്ക് ചാമ്പ്യൻസ്‌ലീഗ് നേടാനാവുമെന്ന് കാണിക്കേണ്ടതുണ്ട്. ഞങ്ങൾ മെസിയുടെ അടുത്ത വ്യക്തികളുമായി മെസിയുടെ സാഹചര്യത്തേക്കുറിച്ച് സംസാരിച്ചിരുന്നു. ഇതുവരെയും മെസിയുമായി സംസാരിക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടില്ല. ഞങ്ങൾക്ക് ഒരു പ്രൊജക്റ്റ്‌ ഉണ്ടെന്നു വ്യക്തമാക്കാൻ മെസിയോട് സംസാരിക്കാൻ മികച്ച വ്യക്തി സാവിയാണ്.” ഫോണ്ട് പറഞ്ഞു.