ആശ്വാസനീക്കവുമായി ബാഴ്‌സ, സൂപ്പർതാരത്തിന്റെ കരാർ ഉടൻ പുതുക്കിയേക്കും

ബാഴ്സലോണയുടെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ് ഗോൾകീപ്പറായ മാർക്ക് ആന്ദ്രേ ടെർ സ്റ്റേഗൻ. ബാഴ്സയുടെ ബയേണിനോടേറ്റ തോൽവിക്ക് പിന്നാലെ ടീമിലെ പല സീനിയർ താരങ്ങളും ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ ഉയർന്നുവന്നപ്പോഴും ക്ലബ് വിടില്ലെന്ന തീരുമാനമെടുത്ത താരമാണ് ടെർ സ്റ്റേഗൻ. താരത്തെ ഒരു കാരണവശാലും ബാഴ്‌സ വിട്ടു നൽകാനും ഒരുക്കമല്ലായിരുന്നു.

ഇപ്പോഴിതാ ബാഴ്സക്ക് വലിയ ആശ്വാസമായി ടെർ സ്റ്റീഗൻ കരാർ പുതുക്കാനുള്ള ഒരുക്കത്തിലാണ്.പുതിയ കരാറിൽ ഒപ്പുവെക്കുന്നതിനായി ചർച്ചകൾക്ക് ടെർ സ്റ്റീഗൻ സമ്മതം മൂളിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുമ്പ് ചർച്ചകൾ നടന്നിരുന്നുവെങ്കിലും ബാഴ്‌സയും പ്രസിഡന്റ്‌ ബർതോമ്യുവും മെസി ക്ലബ്ബ് വിടുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധികളിൽ അകപ്പെടുകയായിരുന്നു. എന്നാലത് വീണ്ടും പുനരാരംഭിച്ചേക്കുമെന്നാണ് സ്പോർട്ട് റിപ്പോർട്ട്‌ ചെയ്യുന്നത്.

നിലവിൽ 2022 വരെയാണ് ടെർ സ്റ്റീഗന് ബാഴ്സയിൽ കരാറുള്ളത്. ഇത് 2025 വരെ നീട്ടാനാണ് ബാഴ്സ ശ്രമിച്ചേക്കുക. 2017-ലായിരുന്നു അവസാനമായി താരത്തിന്റെ കരാർ പുതുക്കിയത്. അന്ന് താരത്തിന്റെ റിലീസ് ക്ലോസ് 100 മില്യണിൽ നിന്നും 180 മില്യണാക്കി ഉയർത്താൻ ബാഴ്‌സക്ക് സാധിച്ചിരുന്നു. എന്നാൽ അടുത്തിടെ ബയേണുമായി ബാഴ്സ 8-2 ന് തോറ്റതിനു ശേഷം താരത്തെ റാഞ്ചാനുള്ള ശ്രമങ്ങൾ ചെൽസി നടത്തിയിരുന്നുവെങ്കിലും ഫലം കാണാതെ പോവുകയായിരുന്നു.

2014-ൽ ആയിരുന്നു താരം ബാഴ്സയിൽ എത്തിയത്. വെറും പന്ത്രണ്ട് മില്യൺ യുറോക്കാണ് താരം ബൊറൂഷ്യ മോഞ്ചെൻഗ്ലാഡ്ബാക്കിൽ നിന്നും താരത്തെ ബാഴ്സയിലെത്തിച്ചത്. ശേഷം വളരെ പെട്ടന്ന് തന്നെ താരം ബാഴ്സയുടെ പ്രധാനതാരങ്ങളിൽ ഒന്നായി മാറുകയായിരുന്നു. 2015ലെ ചാമ്പ്യൻസ് ലീഗ് കിരീടനേട്ടത്തിൽ പ്രധാന പങ്കുവഹിച്ച താരം നിരവധി മത്സരങ്ങളിൽ ബാഴ്സയുടെ രക്ഷകനായി മാറിയിട്ടുണ്ട്.

You Might Also Like