110 മില്യണും മൂന്നു താരങ്ങളും, നെയ്മറിനായി 2019ൽ ബാർസ നടത്തിയ ശ്രമത്തെക്കുറിച്ച് മുൻ ബാഴ്സ ഡയറക്ടർ

Image 3
FeaturedFootballLa Liga

2017ലാണ് ബാഴ്സ വിട്ടു ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ജൂനിയർ പിഎസ്‌ജിയിലേക്ക് ചേക്കേറുന്നത്. എന്നാൽ പരിക്കുകൾ മൂലം ബുദ്ദിമുട്ടനുഭവിച്ച നെയ്മാർ ബാഴ്‌സയിലേക്ക് തന്നെ തിരിച്ചെത്തണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ 2019ൽ താരത്തെ തിരിച്ചെത്തിക്കാൻ ബാഴ്സ ശ്രമിച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ബാഴ്സ ഡയറക്ടറായ ഹാവിയർ ബോർഡാസ്.

എന്നാൽ ബാഴ്സ മുന്നോട്ടു വെച്ച ഓഫറിനോട് 19 മില്യൺ കൂടുതൽ ചോദിച്ചതോടെ ഡീൽ നടക്കാതെ പോവുകയായിരുന്നു. 110 മില്യൺ യൂറോയും മൂന്നു താരങ്ങളേയുമാണ് ബാഴ്സ നെയ്മറെ തിരികെ സ്വന്തമാക്കാൻ പിഎസ്‌ജിക്ക് നൽകാൻ തയ്യാറായതെന്നാണ് ബോർഡാസ് വെളിപ്പെടുത്തിയത്. സ്പാനിഷ് മാധ്യമമായ കാഡെന കോപിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

“ഞങ്ങൾ പിഎസ്‌ജിക്ക് 110 മില്യൺ യൂറോയും ടോഡിബോയും റാക്കിറ്റിച്ചും ഒപ്പം ഡെമ്പെലെയെ ലോണിലും തരാമെന്നു പിഎസ്‌ജിക്ക് ഓഫർ ചെയ്തിരുന്നു. എന്നാൽ പിഎസ്‌ജിക്ക് 130മില്യണും ടോഡിബോയും റാക്കിറ്റിച്ചും ഡെമ്പെലെയെ ലോണിൽ വേണമെന്ന് ആവശ്യപ്പെട്ടു. നെയ്മറിനു തിരിച്ചു വരാൻ 20 മില്യൺ യൂറോ കൂടി ആവശ്യമായിരുന്നു. നെയ്മറുടെ പിതാവ് അത് നൽകാമെന്ന് പറഞ്ഞെങ്കിലും എന്തുകൊണ്ടോ ആ ഡീൽ നടക്കാതെ പോവുകയാണുണ്ടായത്. ” ബോർഡാസ് വെളിപ്പെടുത്തി.

2017ൽ ബാഴ്സ കിലിയൻ എംബാപ്പെക്കു വേണ്ടി ശ്രമിച്ചിരുന്നുവെന്നും ബോർഡാസ് വെളിപ്പെടുത്തി.” ഞങ്ങൾ ഡെമ്പെലെയേയും എംബാപ്പെയേയും ഒരുമിച്ചു കൊണ്ടുവരാനുള്ള ശ്രമം നടത്തിയിരുന്നു. നെയ്മാർ പോയതിനാൽ ബാഴ്‌സയിലേക്ക് വരുന്നതിൽ എംബാപ്പെക്കും താത്പര്യമുണ്ടായിരുന്നു.” ബോർഡാസ് കൂട്ടിച്ചേർത്തു.