ബാഴ്‌സ വിടുകയാണെന്ന് ജൂലൈയില്‍ തന്നെ മെസി അറിയിച്ചിരുന്നു, പൊട്ടിത്തെറിയുടെ പുതിയ വിവരങ്ങള്‍

ലയണല്‍ മെസി ബാഴ്‌സ വിടുകയാണെന്ന് ജൂലൈയില്‍ തന്നെ ബാഴ്‌സ ബോര്‍ഡിനെ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍. ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനേടേറ്റ ഒരു തോല്‍വി കൊണ്ട് മാത്രമല്ല മെസി കടുത്ത തീരുമാനമെടുത്തതെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്.

ഇതോടെ മെസി ബാഴ്‌സ വിടുന്നത് നേരത്തെ തന്നെ തീരുമാനിക്കപ്പെട്ടതാണെന്നും ആരാധകര്‍ മാത്രമാണ് വിവരം അറിയാന്‍ താമസിച്ചതെന്നുമാണ് വ്യക്തമാകുന്നത്.

അതെസമയം മെസി മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് തന്നെയാണ് കൂടുമാറുന്നതെന്ന് ഏകദേശം ഉറപ്പാകുന്ന സാഹചര്യമാണ് നിലവിലുളളത്. മകന് താല്‍പ്പര്യം സിറ്റിയാണെന്ന് മെസിയുടെ ഏജന്റ് കൂടിയായ പിതാവ് ജോര്‍ജ് മെസി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. മെസിയോട് താല്‍പ്പര്യം പ്രകടിപ്പിച്ച് പി.എസ്.ജി ക്ലബിന്റെ ഡയരക്ടര്‍ ലിയനാര്‍ഡോ മെസിയുടെ പിതാവിനെ വിളിച്ചു. ഈ സംാഭഷണത്തിലാണ് സിറ്റിയോടാണ് മെസിയ്ക്ക് താല്‍പ്പര്യമെന്ന് പിതാവ് അറിയിച്ചത്.

അതെസമയം മെസി ക്ലബ് വിടുന്നതുമായി ബന്ധപ്പെട്ട് ബാര്‍സിലോണയില്‍ പ്രതിഷേധം തണുക്കുകയാണ്. എന്നാല്‍ പ്രസിഡണ്ട് ബര്‍തോമ്യോ ഇന്നലെയും മാധ്യമങ്ങളില്‍ നിന്നും ഒളിച്ചു നടക്കുകയാണ്. ഇപ്പോളും മെസിയെ ക്ലബ്ബില്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങളുമായാണ് ബാഴ്‌സയുടെ ബോര്‍ഡ് മുന്നോട്ട് പോകുന്നത്.

ബാഴ്‌സലോണയുടെ ട്രെയിനിംഗ് ക്യാമ്പ് തുടങ്ങാനിരിക്കെ പരിശീലനത്തിനായി ഇറങ്ങില്ലെന്നും കൊറോണ പരിശോധനയില്‍ പങ്കെടുക്കില്ലെന്നും മെസി അറിയിച്ചു കഴിഞ്ഞു. ഇതു ഇനിയും നാടകീയ സംഭവങ്ങള്‍ക്ക് കാരണമായേക്കും.

You Might Also Like