മെസ്സി വന്നാൽ ഗ്രീസ്മാൻ ക്ലബ് വിടും? ബാർസ ആരാധകർക്ക് ഇരുട്ടടി

Image 3
La Liga

നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ സൂപ്പർതാരം ലയണൽ മെസ്സി ബാഴ്സയിൽ തുടരുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. എന്നാൽ സൂപ്പർതാരത്തെ നിലനിർത്താനായതിൽ ആവേശം കൊള്ളുമ്പോഴും അതിനായി ബാർസ വലിയ വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വന്നേക്കുമെന്ന വാർത്ത ആരാധകർക്ക് ആശങ്കയായി തുടരുന്നു.


താരങ്ങളുടെ ‘വേജ് ബില്ലിൽ’ ലാലിഗ അടുത്തിടെ കൊണ്ടുവന്ന നിയന്ത്രണങ്ങൾ മൂലം മെസ്സിയെ വൻതുകക്ക് നിലനിർത്താൻ മറ്റു പ്രധാന താരങ്ങളിൽ പലരെയും ബാഴ്‌സയ്ക്ക് കയ്യൊഴിയേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. ഫ്രഞ്ച് താരം അന്റോണിയോ ഗ്രീസ്മാന്റെ പേരാണ് ഇക്കൂട്ടത്തിൽ ഏറ്റവുമധികം ഉയർന്നു കേൾക്കുന്നത്. ഗ്രീസ്മാനെ വിൽക്കാൻ പോലും ബാർസ തയ്യാറായേക്കുമെന്ന് സ്പാനിഷ് മാധ്യമമായ ലെ സ്പോർട്ടിയോ റിപ്പോർട്ട് ചെയ്യുന്നു.


ഒരു സീസണിൽ 100 മില്യൺ യൂറോ വീതം മെസ്സിക്ക് വേതനമായി നൽകുന്ന വിധത്തിലാകും പുതിയ കരാർ എന്നാണ് സൂചന. അങ്ങനെയാണെങ്കിൽ മറ്റു താരങ്ങളുടെ മൊത്തം വേതനത്തിൽ 200 മില്യൺ യൂറോ ബാഴ്‌സയ്ക്ക് വെട്ടിക്കുറക്കേണ്ടി വരും. 120മില്യന്റെ കരാറിൽ ബാഴ്‌സയിലെത്തിയ ഗ്രീസ്മാനെ കയ്യൊഴിയുന്നതാണ് ബാഴ്സയുടെ മുൻപിലുള്ള എളുപ്പവഴി.


അത്ലറ്റിക്കോയിൽ നിന്നും കൊട്ടിഘോഷിച്ച് ബാഴ്സയിലെത്തിയ ഗ്രീസ്മാന് ഇതുവരെ ടീമിന്റെ ശൈലിയുമായി ഇണങ്ങാൻ കഴിഞ്ഞിട്ടില്ല. മെസ്സി കഴിഞ്ഞാൽ ടീമിലെ ഏറ്റവും പ്രധാന താരമാവുമെന്ന് വിലയിരുത്തപ്പെട്ട ഫ്രഞ്ച് താരത്തിന് ഇപ്പോഴും ബാഴ്‌സയുടെ ആദ്യ ഇലവനിൽ സ്ഥിരമായി സ്ഥാനം പിടിക്കാൻ പോലുമായിട്ടില്ല. ഇതെല്ലാം ഗ്രീസ്മാന് പ്രതികൂലമാവാമെന്നാണ് വിലയിരുത്തൽ.