അത്ലറ്റികോയുടെ തോൽവി മുതലെടുക്കാനാവാതെ ബാഴ്സ, കാഡിസ് എഫ്സിക്കെതിരെ സമനിലക്കുരുക്ക്

Image 3
FeaturedFootball

ലെവന്റെക്കെതിരായ ലാലിഗ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അത്ലറ്റിക്കോ തോൽവി രുചിച്ചതോടെ പോയിന്റ് ടേബിളിൽ അത്ലറ്റിക്കോയുമായുള്ള വ്യത്യാസം കുറക്കാനുള്ള മികച്ച അവസരമായിരുന്നു ബാഴ്സക്ക് മുന്നിലുണ്ടായിരുന്നത്. എന്നാൽ ലീഗിൽ പതിനഞ്ചാം സ്ഥാനത്തുള്ള കാഡിസുമായി ഇന്ന്‌ സമനിലയിൽ കലാശിച്ചതോടെ 2 പോയിന്റ് നഷ്ടത്തിൽ റയൽ മാഡ്രിഡിനു കീഴിൽ മൂന്നാം സ്ഥാനത്തു തന്നെ തുടരുകയാണ് ബാഴ്സലോണ.

മത്സരത്തിൽ മികച്ച പന്തടക്കം ബാർസയാണ് കാണിച്ചതെങ്കിലും കിട്ടിയ അവസരങ്ങൾ പാഴാക്കിയത് ബാഴ്‌സക്ക് വിനയാകുകയായിരുന്നു. 31ആം മിനുട്ടിൽ പെഡ്രിയെ പെനാൽറ്റി ബോക്സിൽ വീഴ്ത്തിയതിന് കിട്ടിയ പെനാൽറ്റി മെസി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. പിന്നീട് മികച്ച മുന്നേറ്റങ്ങൾ നടത്തിയ ബാഴ്സ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും കാഡിസിന്റെ അർജന്റൈൻ ഗോൾകീപ്പർ ലാഡെസ്മ അതിനെയെല്ലാം പ്രതിരോധിക്കുകയായിരുന്നു.

ഗ്രീസ്മാനും ഉസ്മാൻ ഡെമ്പെലേക്കും ലഭിച്ച മികച്ച അവസരങ്ങൾ ഗോളിലെത്താതെ പോവുകയായിരുന്നു. രണ്ടാം പകുതിയിൽ പെഡ്രി ഗോൾ നേടിയെങ്കിലും അസ്സിസ്റ്റ്‌ നൽകിയ ഡെസ്റ്റ് ഓഫ്‌സൈഡിലായിരുന്നതിനാൽ റഫറി ഗോൾ നിഷേധിക്കുകയായിരുന്നു. 90% പന്തടക്കത്തോടെ 21 ഷോട്ടുകൾ ബാഴ്സ തൊടുത്തുവെങ്കിലും ഗോൾ നേടാനാവാതെ പോവുകയായിരുന്നു.

88ആം മിനുട്ടിൽ പെനാൽറ്റി ബോക്സിൽ പ്രതിരോധതാരം ലെങ്ലറ്റ് വരുത്തിയ വലിയൊരു പിഴവിൽ കാഡിസിനു അനുകൂലമായി പെനാൽറ്റി വിധിക്കുകയായിരുന്നു. അലക്സ്‌ ഫെർണാണ്ടസ് അത് കൃത്യമായി വലയിലെത്തിച്ചതോടെ ബാഴ്സക്ക് വിജയം കയ്യെത്തും ദൂരെ നഷ്ടമാവുകയായിരുന്നു. ഇതോടെ ബാഴ്‌സയെ മറികടന്നു കിരീടത്തിനുള്ള സാധ്യത അത്ലറ്റിക്കോക്കൊപ്പം റയൽ മാഡ്രിഡിനും ഉയർന്നു വന്നിരിക്കുകയാണ്.