ബാഴ്സക്ക് സന്തോഷവാർത്ത, മൂന്നു താരങ്ങൾ ചാമ്പ്യൻസ് ലീഗിനു തയ്യാറെടുക്കുന്നു
ലാ ലിഗ കിരീടം ലക്ഷ്യമിട്ട് ചാമ്പ്യൻസ് ലീഗിനു തയ്യാറെടുക്കുന്ന ബാഴ്സലോണക്ക് സന്തോഷ വാർത്തയായി മൂന്നു താരങ്ങൾ പരിക്കിൽ നിന്നും മുക്തരാകുന്നു. പല ഘട്ടങ്ങളിലായി പരിക്കേറ്റ ബാഴ്സ താരങ്ങളായ അന്റോയിൻ ഗ്രീസ്മൻ, ഒസ്മാൻ ഡെംബലെ, ക്ലെമന്റ് ലെങ്ലറ്റ് എന്നിവരാണ് ചാമ്പ്യൻസ് ലീഗിനു മുന്നോടിയായി തിരിച്ചു വരവിനൊരുങ്ങുന്നത്.
ഡെംബലെ ഈ വർഷത്തിന്റെ തുടക്കത്തിൽ ഹാംട്രിങ്ങിനു പരിക്കേറ്റു പുറത്തു പോയതിനു ശേഷം ഇതുവരെയും കളിക്കളത്തിൽ തിരിച്ചെത്തിയിട്ടില്ല. അതേ സമയം സീസൺ പുനരാരംഭിച്ചതിനു ശേഷമാണ് ലെങ്ലറ്റ്, ഗ്രീസ്മൻ എന്നിവർക്കു പരിക്കേറ്റത്. ഈ മൂന്നു താരങ്ങളും കഴിഞ്ഞ ദിവസം ഒറ്റക്കു പരിശീലനം നടത്തിയിരുന്നു.
https://twitter.com/BT_Snaps/status/1288038091869925376?s=19
ലാലിഗ കിരീടത്തിന്റെ നഷ്ടം തീർക്കാൻ ചാമ്പ്യൻസ് ലീഗ് മാത്രമാണു മുന്നിലുള്ളത് എന്നിരിക്കെ പരിശീലകൻ സെറ്റിയന് ആത്മവിശ്വാസം പകരുന്നതാണ് താരങ്ങളുടെ തിരിച്ചുവരവ്. ആദ്യപാദ മത്സരം 1-1നു സമനിലയിൽ പിരിഞ്ഞതിനാൽ രണ്ടാംപാദ പ്രീ ക്വാർട്ടറിൽ ബാഴ്സക്കും നാപോളിക്കും തുല്യ സാധ്യതയാണുള്ളത്. ഓഗസ്റ്റ് 8നാണ് മത്സരം.
അതേ സമയം പരിക്കു പറ്റിയ ഉംറ്റിറ്റി, അറാഹോ എന്നിവർ നാപോളിക്കെതിരെ ഉണ്ടാകില്ലെന്നാണു സൂചനകൾ. ഇനി ബാഴ്സക്കു വേണ്ടി കളിക്കാനില്ലെന്നു പ്രഖ്യാപിച്ച് ബ്രസീലിൽ തന്നെ തുടരുന്ന ആർതറിന്റെ നടപടികളും ബാഴ്സക്ക് പ്രതികൂലാവസ്ഥ സൃഷ്ടിക്കുന്നതാണ്.