പ്രതിഷേധം കത്തി, ക്യാമ്പ് ന്യൂവിലേക്ക് ഇരച്ചുകയറി ബാഴ്‌സ ആരാധകര്‍, നാടകീയ സംഭവങ്ങള്‍

Image 3
FeaturedFootballLa Liga

സൂപ്പർ താരം ലയണൽ മെസി ബാഴ്സ വിട്ടേക്കുമെന്ന വാർത്തകൾ ലോകമെമ്പാടുമുള്ള ആരാധകരെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. ബാഴ്‌സ മാനേജ്മെന്റിനെ കഴിവുകെട്ട ഭരണവും പിടിപ്പുകേടുമാണ് മെസി ബാഴ്സ വിടാൻ കാരണമായി കണക്കാക്കുന്നത്.

അതുകൊണ്ടു തന്നെ ആരാധകരുടെ പ്രതിഷേധം മുഴുവനും ബാഴ്‌സ മാനേജ്മെന്റിനെതിരെയാണ് നിലകൊള്ളുന്നത്. അതിന്റെ അലയൊലികളാണ് ബാഴ്സലോണ നഗരത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഒരു കൂട്ടം ആരാധകർ വലിയ തോതിൽ ബാഴ്സലോണയിൽ പ്രതിഷേധങ്ങൾ നടത്തി. പ്രതിഷേധങ്ങളുടെ ഭാഗമെന്നോണം ആരാധകക്കൂട്ടം ക്യാമ്പ് നൂവിലേക്ക് ഇരച്ചുകയറുകയും ചെയ്തു.

ക്യാമ്പ് നൂവിന്റെ പ്രവേശനകവാടത്തിൽ ഒരുമിച്ച് കൂടിയ ആരാധകസംഘം ഗേറ്റ് മറികടന്ന് മുന്നേറുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. സുരക്ഷാഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് വകവെക്കാതെയാണ് പ്രതിഷേധക്കാർ ഗേറ്റ് മറികടന്നതെന്ന് വീഡിയോയിൽ കാണാം.

എല്ലാ ആരാധകരുടെയും ഒരേയൊരു ആവിശ്യം എന്നത് ക്ലബ് പ്രസിഡന്റ്‌ ബർതോമ്യുവിന്റെ രാജിയാണ്. അദ്ദേഹത്തിന്റെ രാജി ആവിശ്യപ്പെട്ടുള്ള മുദ്രാവാക്യങ്ങളാണ് ബാഴ്സ നഗരത്തിൽ ഏറെ മുഴങ്ങിക്കേൾക്കുന്നത്. മെസി ക്ലബ്ബ് വിടുന്നതിലുള്ള വിഷമവും ആരാധകർ പ്രതിഷേധത്തിലൂടെ അറിയിച്ചു. വരുംദിവസങ്ങളിൽ ബാഴ്സലോണ ആരാധകരുടെ പ്രതിഷേധം വലിയ രൂപത്തിലേക്ക് മാറുമെന്നാണ് മാധ്യമങ്ങൾ സൂചന നൽകുന്നത്.