താരങ്ങളുടെ വേതനബിൽ വെട്ടിക്കുറച്ചില്ലെങ്കിൽ ബാഴ്സ പാപ്പരാകുമെന്ന് റിപ്പോർട്ടുകൾ

Image 3
FeaturedFootballLa Liga

കോവിഡ് മഹാമാരി ബാഴ്‌സയെ സാമ്പത്തികമായി പിടിച്ചുലച്ചിരിക്കുകയാണ്.  ക്ലബ്ബ് പാപ്പരാവുന്ന  അവസ്ഥയിലെത്തി നിൽക്കുകയാണ് ബാഴ്സയിലെ സാമ്പത്തിക  സാഹചര്യങ്ങൾ.  താരങ്ങളുടെ വേതനത്തിൽ വെട്ടിക്കുറക്കലുകൾ നടത്തിയില്ലെങ്കിൽ ബാഴ്സ ജനുവരിയിൽ തന്നെ പാപ്പരാകുമെന്നാണ് കാറ്റാലൻ മാധ്യമമായ റാക് വൺ റിപ്പോർട്ട്‌ ചെയ്യുന്നത്.

അടുത്ത ആഴ്ച അവസാനിക്കുന്നതിന് മുൻപ്  താരങ്ങളുടെ വേതനബിൽ 190 മില്യൺ യൂറോയെങ്കിലും  വെട്ടിക്കുറച്ചില്ലെങ്കിൽ ബാഴ്‌സലോണ പാപ്പരായേക്കും. അതിനായി താരങ്ങളുടെ വേതനം 30 ശതമാനത്തോളം വെട്ടിക്കുറക്കാനുള്ള അനുവാദം ബാഴ്സ  താരങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. നവംബർ  5നു മുൻപ് അവർ അതിനു  അനുവദിക്കാതിരിക്കുകയാണെങ്കിൽ ബാഴ്സ പാപ്പരാവാനുള്ള സാധ്യതയാണ് കാണുന്നത്.

താരങ്ങളുടെ വേതനത്തിനൊപ്പം മെസിക്ക് ഈ സീസൺ അവസാനം നൽകേണ്ട ബോണസും ബാഴ്സക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. മെസി ബാഴ്സയുമായി കരാർ പുതുക്കിയില്ലെങ്കിൽ ബാഴ്സക്ക് ബോണസ് തുക ഉടൻ നൽകേണ്ടി വരും. ബർതോമ്യു പ്രസിഡന്റ് സ്ഥാനം രാജി വെച്ചതിനു ശേഷം  താത്കാലിക മേൽനോട്ടം നടത്തുന്ന മാനേജിങ് കമ്മിറ്റീ പ്രസിഡന്റായ കാൾസ് ടുസ്കെറ്റ്സ് ആണ് ഇക്കാര്യം അറിയിച്ചത്.

“ഞങ്ങളുടെ പ്രധാന ഉത്കണ്ഠ ക്ലബ്ബിന്റെ സാമ്പത്തികത്തേക്കുറിച്ചാണ്‌. മഹാമാരി ബാഴ്‌സലോണയെ വല്ലാതെ പിടിച്ചുലച്ചിട്ടുണ്ട്. ടൂറിസത്തെ ആശ്രയിച്ചായിരുന്നു ക്ലബ്ബിന്റെ നിലനിൽപ്. ആ വരുമാനമെല്ലാം ക്ലബ്ബിനു നഷ്ടമായി. ഇപ്പോൾ ഞങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പഴയ ബോർഡിന്റെ ചില ആശയങ്ങൾ ഞങ്ങൾക്ക് പ്രയോഗികമാക്കേണ്ട അവസ്ഥയിലാണുള്ളത്. ” വേതനബിൽ വെട്ടിക്കുറക്കുന്നതിനെ സംബന്ധിച്ച് ടുസ്കെറ്റ്സ് വ്യക്തമാക്കി.