ടോട്ടനം സൂപ്പർതാരത്തെ നോട്ടമിട്ട് ബാഴ്സ, വരുന്നത് കൂമാന്റെ പ്രിയതാരത്തിനു പകരക്കാരനായി

കൂമാൻ ബാഴ്സയുടെ പരിശീലകനായ ശേഷം മാധ്യനിരയിലേക്ക് ഏറ്റവും കൂടുതൽ ഉയർന്നുകേട്ട പേരാണ് ലിവർപൂളിന്റെ ഡച്ച് താരം ഗിനി വൈനാൽഡം. ലിവർപൂളുമായി കരാർ പുതുക്കാത്തതും കൂമാന്റെ പ്രിയതാരവുമായിരുന്ന വൈനാൽഡത്തിനായുള്ള ശ്രമങ്ങൾ കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി താളം തെറ്റിക്കുകയായിരുന്നു.

സ്‌ട്രൈക്കർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന മെംഫിസ് ഡീപേയും ഈ പ്രതിസന്ധിയുടെ ഇര തന്നെയാണ്. എന്നാൽ ഇത്തവണത്തെ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ക്യാമ്പ് നൂവിലേക്കെത്തിക്കാൻ ഗിനി വൈനാൽഡത്തിന് പകരക്കാരനെ കണ്ടെത്തിയിരിക്കുകയാണ് ബാഴ്സലോണ. ബാഴ്സ പണ്ട് നോട്ടമിട്ടിരുന്ന ടാൻഗയ് എൻഡോമ്പെലെയിലേക്ക് തന്നെ തിരിച്ചെത്തിയിരിക്കുകയാണ് ബാഴ്സയുടെ കണ്ണുകൾ.

ടോട്ടനത്തിൽ ജോസെ മൗറിഞ്ഞോയുടെ കീഴിൽ എൻഡോമ്പെലെക്ക് അവസരങ്ങൾ കുറയുന്നത് താരത്തെ വേവലാതിപ്പെടുത്തുന്നുണ്ട്. അതു കൊണ്ട് തന്നെ ഈ ജനുവരിയിൽ തന്നെ ക്ലബ്ബ് വിടാനുള്ള നീക്കത്തിലാണ് താരമുള്ളത്. ഈ അവസരം മുതലെടുക്കാനുള്ള ശ്രമത്തിലാണ് ബാഴ്സ. ഗിനി വൈനാൽഡത്തിന് ലിവർപൂൾ കൂടുതൽ തുക ചോദിച്ചേക്കുമെന്നതും എൻഡോമ്പെലെക്കു വേണ്ടി ശ്രമിക്കാൻ ബാഴ്സയെ പ്രേരിപ്പിച്ച ഘടകമാണ്.

2019ലാണ് ലിയോണിൽ നിന്നും താരം ടോട്ടനത്തിലേക്ക് ചേക്കേറുന്നത്. എന്നാൽ ഈ സീസൺ തുടക്കത്തിൽ മൗറിഞ്ഞോ ഡാനിഷ് താരമായ ഹോജെർഗിനെ കൊണ്ടു വന്നതോടെ എൻഡോമ്പെലെക്ക് അവസരങ്ങൾ കുറക്കുകയായിരുന്നു. സ്കൈ സ്പോർട്സ് ജേർണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. 62 മില്യൺ യൂറോക്കാണ് ടോട്ടനം താരത്തെ സ്വന്തമാക്കിയതെങ്കിലും 40 മില്യൺ യൂറോയാണ് ടോട്ടനം നിലവിൽ താരത്തിനു പ്രതീക്ഷിക്കുന്ന മൂല്യം.

You Might Also Like