തോറ്റുകൊടുക്കാനൊരുക്കമല്ല, കൂമാന്റെ ലക്ഷ്യങ്ങൾക്കായി ജനുവരിയിൽ വീണ്ടും താരങ്ങൾക്കായി ബാഴ്സ

കൊറോണ മൂലമുള്ള സാമ്പത്തിക പ്രതിസന്ധി പുറത്തേക്കും അകത്തേക്കുമുള്ള ബാഴ്സയുടെ ട്രാൻസ്ഫറുകളെ വലിയതോതിൽ ബാധിച്ചിരുന്നു. പുറത്തേക്കുള്ള ട്രാൻസ്ഫറുകളിൽ നിന്നും വലിയതോതിലുള്ള തുക കണ്ടെത്താവാഞ്ഞതും കൂമാന്റെ ലക്ഷ്യങ്ങളെ ബാധിച്ചിരുന്നു. സമ്മർ ട്രാൻഫർ ജാലകം അടച്ചപ്പോൾ ആകെ സെർജിനോ ഡെസ്റ്റിനെ മാത്രമാണ് കൂമാന്റെ ലക്ഷ്യങ്ങളിൽ ബാഴ്‌സക്ക് സ്വന്തമാക്കാനായത്.

മറ്റുലക്ഷ്യങ്ങളായ മെംഫിസ് ഡീപേയെയും എറിക് ഗാർഷ്യയെയും സ്വന്തമാക്കാനുള്ള ചർച്ചകൾ സാമ്പത്തിക പ്രതിസന്ധികൾ മൂലം മുടങ്ങിപോവുകയായിരുന്നു. എന്നാൽ താരങ്ങളെ അങ്ങനെ വിട്ടുകളയാൻ ബാഴ്സയും കൂമാനും ഒരുക്കമല്ലെന്നു തന്നെയാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ ഡീപേയെയും ഗാർഷ്യയെയും സ്വന്തമാക്കാൻ ബാഴ്സ ശ്രമിച്ചേക്കും. മാഞ്ചസ്റ്റർ സിറ്റിയുടെ എറിക് ഗാർഷ്യയുമായും ലിയോണിന്റെ മെംഫിസ് ഡീപേയുമായും ബാഴ്സ യോജിപ്പിലെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അടുത്ത ജൂണിൽ ഇരുവരുടെയും കരാർ അവസാനിക്കുമെങ്കിലും ദ്രുതഗതിയിൽ തന്നെ താരങ്ങളെ തട്ടകത്തിലെത്തിക്കാനാണ് ബാഴ്സയുടെ നീക്കം.

എന്നാൽ ബാഴ്സയിൽ ബർതോമ്യുവിന്റെ കീഴിലുള്ള ബോർഡിനു നിലനിൽപ് തന്നെ ഭീഷണിയിലായ അവസ്ഥയിലാണ്. ആവിശ്വാസപ്രമേയം ബോർഡിനെതിരെ ഉയർന്നു വന്നതോടെ 2021നു തന്നെ പുറത്തുപോവാനും സാധ്യതയേറിയിരിക്കുകയാണ്. ഇത് ഈ ട്രാൻസ്ഫറുകളെയും ബാധിക്കുമോയെന്ന പ്രതിസന്ധിയാണ് കൂമാനു മുന്നിലുള്ളത്.

You Might Also Like