ബാഴ്സ പ്രതിരോധത്തിലെ പാളിച്ചകൾ, ഇന്റർ മിലാൻ യുവപ്രതിഭയെ നോട്ടമിട്ട് ബാഴ്സ

Image 3
FeaturedFootballLa Liga

ബാഴ്സയിൽ നിലവിൽ പ്രതിരോധത്തിലാണ് കൂടുതൽ പ്രശ്നങ്ങൾ കാണുന്നതെന്നത് കൊണ്ടു തന്നെ മികച്ച താരങ്ങളെ ബാഴ്സലോണ ഇപ്പോഴേ നോട്ടമിട്ടുവെക്കാൻ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. പ്രതിരോധത്തിൽ നിന്നും അശ്രദ്ധ മൂലം ഉണ്ടാവുന്ന പിഴവുകളിലാണ് ബാഴ്‌സലോണയ്ക്ക് ഈ സീസണിൽ കൂടുതൽ പോയിൻ്റുകൾ നഷ്ടപ്പെട്ടിരിക്കുന്നത്. പ്രായമാകുന്ന ജെറാർഡ് പിക്വെക്ക് പകരക്കാരനെയാണ് ബാഴ്സ പരിഗണിക്കുന്നത്.

നിലവിൽ റൊണാൾഡ് അറോഹോ മികച്ച പ്രകടനം കാഴ്ച വെക്കുന്നുണ്ടെങ്കിലും പരിക്കുകൾ വില്ലനാവുന്നതാണ് ബാഴ്സയെ പ്രതിസന്ധിയിലാക്കുന്നത്. അതു കൊണ്ടു തന്നെ പിക്വെയുടെ സ്ഥാനത്തിലേക്ക് അറോഹോക്കു കൂടി ഒരു മത്സരമെന്ന നിലക്കാണ് പുതിയ ഡിഫൻ്ററെ ബാഴ്സ പരിഗണിക്കുന്നത്. വരുന്ന സമ്മർ ജാലകത്തിലാണ് പുതിയ പ്രതിരോധ താരത്തെ സ്വന്തമാക്കാനിരിക്കുന്നത്.

അതിനായി ഇൻ്റർ മിലാൻ്റെ യുവതാരം അലെസാൻഡ്രോ ബാസ്റ്റോണിയെ ആണ് ബാഴ്സ നോട്ടമിട്ടിരിക്കുന്നത്. ഇൻ്ററിനായി മികച്ച പ്രകടനം കാഴ്ച വെക്കുന്ന താരം ബാഴ്സക്ക് അനുയോജ്യനായ താരമാണെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. കഴിഞ്ഞ രണ്ടു സീസണുകൾ കൊണ്ടു തന്നെ ഇൻ്ററിൻ്റെ പ്രതിരോധത്തിൽ വിശ്വസ്തനായ താരമായി മാറി ഈ ഇരുപത്തൊന്നുകാരൻ.

ഇറ്റാലിയൻ മധ്യമമായ കാൽസിയോ മെർകാറ്റോ ആണ് ഈ വാർത്ത റിപ്പോർട്ടു ചെയ്തിരിക്കുന്നത്. എന്നാൽ ഇൻ്റർ താരത്തെ അങ്ങനെ എളുപ്പത്തിൽ കൈവിടാനൊരുക്കമല്ലെന്നാണ് അറിയുന്നത്. അറ്റലാൻ്റയിൽ നിന്നും 26 മില്യൺ യൂറോക്കാണ് ഇൻ്റർ ബസ്റ്റോണിയെ സ്വന്തമാക്കുന്നത്. അതിൻ്റെ ഇരട്ടി കിട്ടാതെ താരത്തെ കൈവിടില്ലെന്ന പിടിവാശിയിലാണ് ഇൻ്റർ. സാമ്പത്തികമായി കടബാധ്യതയിലുള്ള ബാഴ്സക്ക് ആ തുക കണ്ടെത്താനാവുമോയെന്നതാണ് കാത്തിരിന്നു കാണേണ്ടത്.