തോൽവികൾക്കു കാരണം പ്രതിരോധത്തിലെ വലിയ പിഴവുകൾ, പുതിയ ഫ്രഞ്ച് യുവതാരത്തെ റാഞ്ചാൻ ബാഴ്സ

Image 3
FeaturedFootballLa Liga

ഈ സീസണിൽ ബാഴ്സയിൽ ഏറ്റവും കൂടുതൽ വ്യക്തിപരമായ പിഴവുകൾ വരുന്നത്  പ്രതിരോധനിരയിലാണ്. എൽ ക്ലാസിക്കോയിലും ചാമ്പ്യൻസ്‌ലീഗിലും ബാഴ്സക്ക് അത് വലിയ വില നൽകേണ്ടി വന്നിരുന്നു. അതു കൊണ്ടു ജെറാർഡ് പിക്വെ കൂടുതൽ കാലം പുറത്തിരിക്കേണ്ട അവസ്ഥ വന്നതോടെ  പ്രതിരോധ നിരയിൽ ഒരു മികച്ച ഡിഫന്ററെ തേടുകയാണ് ബാഴ്സ.

പകരക്കാരനായി ഒരു ഫ്രഞ്ച് യുവതാരത്തെയാണ് ബാഴ്സ നോട്ടമിട്ടിരിക്കുന്നത്. ഫ്രഞ്ച് വമ്പന്മാരായ ഒളിമ്പിക് മാഴ്സെയുടെ ഇരുപത്തിയൊന്നുകാരൻ സെന്റർബാക്കായാ ബൗബകാർ കമാരയെയാണ് ബാഴ്സ നോട്ടമിട്ടിരിക്കുന്നത്. നിലവിലെ താരങ്ങളായ ഓസ്കാർ മിൻഗ്വേസയും  റൊണാൾഡ്‌ അറോഹോയും പ്രതീക്ഷക്കൊത്ത പ്രകടനം നടത്താതെ വന്നതോടെയാണ് ബാഴ്സയുടെ പുതിയ നീക്കം

കാറ്റാലൻ മാധ്യമമായ മുണ്ടോ ഡീപോർട്ടീവോയാണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. വെറും 21 വയസുള്ള യുവതാരമാണെങ്കിലും കമാരയുടെ ഫ്രഞ്ച് ലീഗിലെ മാഴ്സെക്കൊപ്പമുള്ള നാലുവർഷത്തെ അനുഭവസമ്പന്നതയാണ് ബാഴ്‌സയെ താരത്തിൽ താത്പര്യം ജനിപ്പിച്ചിരിക്കുന്നത്. രണ്ടു കാലുകൾ കൊണ്ടും ഒരുപോലെ കളിക്കാനാവുമെന്നതും താരത്തിന്റെ പ്രത്യേകതയാണ്.

പ്രതിരോധനിരയിലും ഡിഫെൻസീവ് മിഡ്‌ഫീൽഡറായും തിളങ്ങാനാവുമെന്നതാണ് താരത്തിന്റെ മറ്റൊരു പ്രത്യേകത. ഫ്രഞ്ച് അണ്ടർ 21 താരമായ കമാരക്ക് ഫ്രഞ്ച് ലീഗിൽ 89% കൃത്യതയുള്ള പാസ്സിങ് നടത്താൻ സാധിച്ചിട്ടുണ്ട്. 1.89 മീറ്റർ ഉയരമുള്ള താരത്തിനു വായുവിൽ ഉയർന്നു സെറ്റ് പീസുകളെ പ്രതിരോധിക്കാനും വളരെയധികം മികവ് പ്രകടിപ്പിക്കുന്നുണ്ട്. യൂറോപ്പ ലീഗിലും ചാമ്പ്യൻസ്‌ലീഗിലും ഫ്രഞ്ച് ലീഗിലുമായി 95 മത്സരങ്ങളുടെ പരിചയം താരത്തിനുണ്ടെന്നതും ബാഴ്സ പരിഗണിക്കുന്നു. വരുന്ന ജനുവരിയിൽ തന്നെ താരത്തിനായി ശ്രമിക്കാനാണ് ബാഴ്സയുടെ നീക്കം.