മെസിയെ നിലനിർത്താൻ അഗ്വേറോയെ ക്യാമ്പ് നൂവിലെത്തിക്കാൻ ബാഴ്സ, നീക്കത്തിന് തുടക്കമിട്ട് ലാപോർട്ട

അന്താരാഷ്ട്ര മത്സരങ്ങളിൽ ഒരുമിച്ചു കളിക്കുന്നതിനോടൊപ്പം സൂപ്പർ താരം ലയണൽ മെസിയുടെ അർജന്റീനയിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊന്നാണ് സെർജിയോ അഗ്വേറോ. നിലവിൽ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിക്കു വേണ്ടി കളിക്കുന്ന അഗ്വേറോക്ക് ഈ സീസൺ അവസാനം വരെ മാത്രമേ ക്ലബ്ബുമായി കരാർ നിലവിലുള്ളൂ. ഈ സാഹചര്യത്തിൽ ക്ലബ്ബ് വിടാനുള്ള നീക്കത്തിലാണ് താരമുള്ളത്.

ഈ അവസരത്തിൽ ലയണൽ മെസിയെ നിലനിർത്താൻ അഗ്വേറോയെ ഫ്രീ ട്രാൻസ്ഫറിൽ ക്യാമ്പ് നൂവിലെത്തിക്കാനുള്ള നീക്കം ബാഴ്സലോണ തുടങ്ങിക്കഴിഞ്ഞുവെന്നാണ് പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. പുതിയ പ്രസിഡന്റായ ജൊവാൻ ലപോർട്ടയാണ്‌ ഇത്തരമൊരു നീക്കത്തിന് ചുക്കാൻ പിടിക്കുന്നത്. രണ്ടു വർഷത്തേക്ക് താരവുമായി കരാറിലെത്താനാണ് ലപോർട്ടയുടെ ശ്രമം.

കഴിഞ്ഞ ജനുവരിയിൽ തന്നെ താരത്തെ ക്യാമ്പ് നൂവിലെത്തിക്കാനുള്ള ശ്രമങ്ങൾ ബാഴ്സ പദ്ധതിയിട്ടിരുന്നു. എന്നാൽ പുതിയ പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെടാഞ്ഞതിനാൽ താത്കാലിക പ്രസിഡന്റായ കാർലോസ് ടുസ്കെറ്റ്സ് നീക്കം സമ്മർ ട്രാൻസ്ഫറിലേക്ക് മാറ്റുകയായിരുന്നു. സ്പാനിഷ് മാധ്യമമായ എഎസ്സിന്റെ റിപ്പോർട്ടുകൾ പ്രകാരം ഈ ഒരു കാരണത്താൽ മാത്രമാണ് ബാഴ്സ താരവുമായി കരാറിലെത്താൻ വൈകിച്ചതെന്നാണ് അറിയാനാകുന്നത്.

അഗ്വേറോയുടെ ഏജന്റായ ഹെർനാൻ റെഗ്വേര താരത്തിനെ പ്രസിഡന്റ്‌ സ്ഥാനാർത്ഥികളായ വിക്ടർ ഫോണ്ടിനും ടോണി ഫ്രിയെക്സക്കും ലാപോർട്ടക്കും മുന്നിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ ലാപോർട്ട മാത്രമാണ് ഇക്കാര്യത്തിൽ ഒരു പോസിറ്റീവായ മറുപടി നൽകിയിരിക്കുന്നത്. എന്തായാലും അടുത്ത സീസണിൽ പ്രിയസുഹൃത്തുക്കൾ ഒത്തുചേരാനുള്ള അവസരമാണ് ബാഴ്സയുടെ ഈ നീക്കത്തിലൂടെ ഉയർന്നുവന്നിരിക്കുന്നത്.

You Might Also Like