ഒമ്പതാം എവേ വിജയത്തിനായി ബാഴ്സ ഇന്ന്‌ സോസിഡാഡിനെതിരെ, സസ്പെൻഷൻ ഭീതിയുമായി മെസിയും ഡിയോങ്ങും

Image 3
FeaturedFootballLa Liga

അത്ലറ്റിക്കോ മാഡ്രിഡിനു തൊട്ടുപിറകിലായി കിരീടപോരാട്ടത്തിൽ റയൽ മാഡ്രിഡിനൊപ്പം മികച്ച പോരാട്ടമാണ് ബാഴ്സലോണ കാഴ്ച വെക്കുന്നത്. തുടർച്ചയായ ഒമ്പതാം എവേ വിജയത്തിനായി റയൽ സോസിഡാഡിനെയാണ് ഇന്ന്‌ ബാഴ്സലോണ നേരിടാനൊരുങ്ങുന്നത്. റയൽ സോസിഡാഡിന്റെ തട്ടകമായ സൻ സെബാസ്റ്റ്യനിൽ വെച്ചാണ് മത്സരം നടക്കുന്നത്.

മത്സരത്തിലെ വിജയത്തോടൊപ്പം എവേ മത്സരങ്ങളിൽ തുടർച്ചയായ മൂന്നാമത്തെ മികച്ച വിജയത്തുടർച്ചയെന്ന നേട്ടമാണ് കൂമാന്റെ ബാഴ്സ ലക്ഷ്യം വെക്കുന്നത്.. 2012-13 സീസണിലും 2009-10സീസണിലുമാണ് ബാഴ്സലോണയുടെ ഏറ്റവും മികച്ച എവേ മത്സര വിജയത്തുടർച്ച ഉണ്ടായിട്ടുള്ളത്. 2009-10 സീസണിൽ 12 എവേ വിജയങ്ങളും 2012-13ൽ 10 വിജയങ്ങളും നേടാൻ ബാഴ്സക്ക് സാധിച്ചിട്ടുണ്ട്.

ഇന്ന്‌ റയൽ സോസിഡാഡിനെ തോൽപ്പിക്കാനായാൽ തുടർച്ചയായ ഒമ്പതു വിജയങ്ങളോടെ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്താൻ കൂമാന്റെ ബാഴ്സക്ക് സാധിച്ചേക്കും. കുറച്ചു വർഷങ്ങളായി എവേ മത്സരങ്ങളിൽ നിറം മങ്ങിയിരുന്ന ബാഴ്‌സക്ക് മികച്ച വിജയങ്ങളാണ് കൂമാനു കീഴിൽ ആവർത്തിക്കാനായിട്ടുള്ളത്. ബാഴ്സക്ക് നാലു പോയിന്റിന്റെ വ്യത്യാസമാണ് നിലവിൽ ഒന്നാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡുമായിട്ടുള്ളത്.താരതമ്യേനെ അപകടകാരികളായ സോസിഡാഡിനെ തോൽപ്പിക്കുകയെന്നത് ബാഴ്സക്ക് ശ്രമകരമായ ജോലിയായിരിക്കും. ഒപ്പം മധ്യനിരതാരം ഫ്രങ്കി ഡിയോങിനും സൂപ്പർതാരം ലയണൽ മെസിക്കും മഞ്ഞക്കാർഡ് ലഭിച്ചാൽ അടുത്ത മത്സരം നഷ്ടമായേക്കുന്ന സാഹചര്യവും നിലവിലുണ്ട്.

എന്നിരുന്നാലും മഞ്ഞക്കാർഡ് ലഭിക്കുകയാണെങ്കിൽ ഇന്റർനാഷണൽ ബ്രേക്കിനു ശേഷമുള്ള റയൽ വയ്യഡോലിടുമായുള്ള മത്സരമാണ് ഇരുവർക്കും നഷ്ടമാവുക. ദോഷത്തേക്കാളേറെ ഇത് മറ്റൊരു തരത്തിൽ ബാഴ്സക്ക് ഗുണകരമായാണ്‌ ഭവിക്കുക. കാരണം വയ്യഡോളിഡിനെതിരെ പുറത്തിരിക്കേണ്ടി വന്നാലും നിർണായകമായ അടുത്ത മത്സരമായ എൽ ക്ലാസിക്കോയിൽ മികച്ച പ്രകടനം കാഴ്ചവെക്കാനാവശ്യമായ വിശ്രമം ഇരുവർക്കും ലഭിക്കും. പ്രതിരോധത്തിലേക്ക് റൊണാൾഡ്‌ അറോഹോ പരിക്കിൽ നിന്നും മുക്തനായി തിരിച്ചെത്തിയത് ബാഴ്‌സയെ സംബന്ധിച്ചിടത്തോളം മികച്ച ഊർജമാണ് നൽകുന്നത്.