ഡെമ്പെലേക്കു പകരം എംബാപ്പെയെ വാങ്ങാനുള്ള അവസരമുണ്ടായിരുന്നു, മുൻ ബാഴ്സ ഡയറക്ടർ പറയുന്നു

Image 3
FeaturedFootballLa Liga

നിലവിൽ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിന്റെ പ്രധാന ലക്ഷ്യമാണ് പിഎസ്‌ജി സൂപ്പർതാരമായ കിലിയൻ എംബാപ്പേ. എന്നാൽ ചിരവൈരികളായ റയൽ മാഡ്രിഡിനു മുമ്പേ ബാഴ്‌സലോണയ്ക്ക് 2017ൽ എംബാപ്പെയെ സ്വന്തമാക്കാനുള്ള അവസരമുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ബാഴ്സ ഡയറക്ടറായിരുന്ന ഹാവിയർ ബോർഡാസ്.

2017ൽ സൂപ്പർതാരം നെയ്മർ ബാഴ്‌സലോണ വിട്ടു പിഎസ്‌ജിയിലേക്ക് കൂടുമാറിയ സമയത്ത് പകരക്കാരനായി ഡെമ്പെലെയെയാണ് ബാഴ്സ ലക്ഷ്യമിട്ടത്. എന്നാൽ ആ സമയത്ത് 100 മില്യൺ യൂറോക്ക് മൊണാകോയിൽ കളിച്ചിരുന്ന എംബാപ്പെയെ സ്വന്തമാക്കാൻ അവസരമുണ്ടായിരുന്നുവെന്നും എന്നാൽ ഡെമ്പെലെയെ മതിയെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നുവെന്നു ബോർഡാസ് വ്യക്തമാക്കി. കാറ്റാലൻ മാധ്യമമായ മുണ്ടോ ഡിപ്പോർട്ടിവോക്ക് നൽകിയ അഭിമുഖത്തിലാണ് ബോർഡസ് ഇക്കാര്യം വെളിപ്പെടുത്തിയത്.

“ഞങ്ങൾ ഡെമ്പെലേക്കു വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴാണ് എംബാപ്പെയും ലഭ്യമാണെന്ന് ഏജന്റും സ്കൗട്ടുമായ മിൻഗ്വല്ല എന്നെ വിളിച്ചത്. ഞാൻ ബർതോമ്യുവുമായി സംസാരിച്ചപ്പോൾ അതിനെക്കുറിച്ച് കൂടുതൽ പഠിക്കാൻ ആവശ്യപ്പെട്ടു. ഞാൻ എംബാപ്പെയുടെ പിതാവുമായി ബന്ധപ്പെട്ടപ്പോൾ റയലിൽ ക്രിസ്ത്യാനോയും ബെയ്‌ലും ബെൻസിമയുമുള്ളതിനാൽ അങ്ങോട്ട്‌ പോവില്ലെന്നു വ്യക്തമാക്കി. എന്നാൽ നെയ്മർ പോയതിനാൽ ബാഴ്സലോണക്ക് വന്നേക്കാമെന്നു പറഞ്ഞു.”

“പിഎസ്‌ജിയിലേക്ക് എംബാപ്പെ പോകുന്നത് ചിരവൈരികളായ അവരെ ശക്തരാക്കുമെന്ന് മനസിലാക്കിയ മൊണാകോ പ്രസിഡന്റ് ബാഴ്‌സക്ക് 100 മില്യൺ യൂറോക്ക് ബാഴ്സക്ക് നൽകാൻ തയ്യാറായിരുന്നു. എന്നാൽ റോബർട്ട്‌ (മുൻ സ്പോർട്ടിങ് ഡയറക്ടർ ഫെർണാണ്ടസ്) ഡെമ്പെലെയെയാണ് പരിഗണിച്ചത്. അതിനെ പെപ്‌ സെഗുര പിന്തുണക്കുകയും ചെയ്തു. കാരണമായി അവർ പറഞ്ഞത് ഏംബപ്പേ സ്വന്തം നേട്ടത്തിനായി കളിക്കുമ്പോൾ ഡെമ്പെലെ ടീമിനായാണ് കളിക്കുന്നതെന്നാണ്. ഒരു ഗോൾ സ്കോററെക്കാൾ നെയ്മറേപ്പോലുള്ള വിങ്ങറെയാണ് ആവശ്യമെന്നു അവർ തീരുമാനിക്കുകയായിരുന്നു” ബോർഡാസ് പറഞ്ഞു.