ലാലിഗയിൽ നിർണായമായ ബാഴ്സ-അത്ലറ്റിക്കോ മത്സരം സമനിലയിൽ, റയലിനു സുവർണാവസരം

Image 3
FeaturedFootballLa Liga

ലാലിഗ കിരീടപോരാട്ടത്തിൽ നിർണായമായ അത്ലറ്റിക്കോ മാഡ്രിഡ്‌- ബാഴ്‌സലോണ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചിരിക്കുകയാണ്. തന്ത്രപരമായി അത്ലറ്റിക്കോ മുന്നിൽ നിന്ന മത്സരത്തിൽ ഇരു ടീമുകൾക്കും ലഭിച്ച അവസരങ്ങൾ ഗോളിലെത്തിക്കാൻ സാധിക്കാതെ പോയതോടെ മത്സരം സമനിലയിലാവുകയായിരുന്നു.

അത്ലറ്റിക്കോ മാഡ്രിഡിന്റെ ഭാഗത്തു നിന്നും നിരവധി അക്രമണങ്ങളുണ്ടായെങ്കിലും ഭാഗ്യവശാൽ ടെർ സ്റ്റീഗനെ മറികടന്നു പോവാൻ സാധിക്കാതെ പോവുകയായിരുന്നു. മെസിയുടെ ഒരു ഒറ്റയാൾ മുന്നേറ്റത്തിൽ എടുത്ത ഷോട്ട് ഗോളെന്നുറച്ചെങ്കിലും ഗോൾകീപ്പർ യാൻ ഒബ്ലാക്കിന്റെ വിരൽതുമ്പിൽ തട്ടിയകന്നു പോവുകയായിരുന്നു.

കളിയുടെ അവസാനത്തിൽ മെസിക്ക് ലഭിച്ച ഫ്രീകിക്കും ഗോളിലെത്താതെ പോയി. ബാഴ്സ നടത്തിയ മുന്നേറ്റത്തിൽ ഡെമ്പെലെയുടെ ഹെഡ് ചെയ്തു ഗോളിലെത്തിക്കാൻ ഉള്ള ശ്രമവും വിഫലമായി. സമനിലയോടെ നിലവിൽ 77 പോയിന്റുമായി ഒന്നാം സ്ഥാനത് തന്നെ തുടരുകയാണ് അത്ലറ്റിക്കോ.

ഇതോടെ നാളെ അർദ്ധരാത്രി നടക്കാനിരിക്കുന്ന സെവിയ്യ- റയൽ മാഡ്രിഡ്‌ മത്സരം കൂടുതൽ നിർണായകമായേക്കും. ജയിച്ചാൽ റയൽ മാഡ്രിഡിനു ഒന്നാം സ്ഥാനത്തെത്താൻ ഉള്ള സുവർണാവസരമാണിത്. കഴിഞ്ഞ മത്സരം തോൽവി രുചിച്ച സെവിയ്യക്ക് കിരീടപോരാട്ടത്തിലേക്ക് തിരിച്ചെത്താനുള്ള അവസരം കൂടിയാണിത്. ആദ്യ നാലിൽ ഉള്ള ഏത് ടീമിനും ഇത്തവണ കിരീടം ഉയർത്താനുള്ള സാധ്യത മത്സരങ്ങളെ കൂടുതൽ ആവേശകരമാക്കുന്നുണ്ട്.