ഗ്രീസ്മനെ യുവന്റസിനു നൽകി രണ്ടു താരങ്ങളെ ബാഴ്സ സ്വന്തമാക്കും

ഫ്രഞ്ച് താരം അന്റോയിൻ ഗ്രീസ്മനെ ഇറ്റാലിയൻ ക്ലബായ യുവന്റസിനു നൽകാൻ ബാഴ്സലോണ സമ്മതമറിയിച്ചതായി റിപ്പോർട്ടുകൾ. ഇറ്റാലിയൻ മാധ്യമമായ റായ് സ്പോർട്സാണ് ഇക്കാര്യം പുറത്തു വിട്ടത്. പകരം രണ്ടു യുവന്റസ് താരങ്ങളെ ബാഴ്സ സ്വന്തമാക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

യുവന്റസ് മധ്യനിരതാരം അഡ്രിയൻ റാബിയട്ട്, മുന്നേറ്റനിരതാരം ഡഗ്ലസ് കോസ്റ്റ എന്നിവരെയാണ് ഗ്രീസ്മനെ നൽകി ബാഴ്സ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. അടുത്ത സീസണിലേക്ക് ടീമിനെ ശക്തിപ്പെടുത്തുന്നതിൽ ഗ്രീസ്മൻ ട്രാൻസ്ഫർ നിർണായകമാണെന്ന് ബാഴ്സലോണ നേതൃത്വം വിശ്വസിക്കുന്നു.

ബാഴ്സലോണയിൽ തുടരണമെന്ന് ഗ്രീസ്മനു താൽപര്യമുണ്ടെങ്കിലും ക്ലബിന്റെ ശൈലിയുമായി ഒത്തിണങ്ങാൻ താരത്തിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ കുറച്ചു മത്സരങ്ങളിലായി ബാഴ്സലോണ പരിശീലകൻ താരത്തെ പുറത്തിരുത്തിയതും അറ്റ്ലറ്റികോക്കെതിരെ അവസാന നിമിഷങ്ങളിൽ മാത്രം കളത്തിലിറക്കിയതും ഏറെ വിവാദമായിരുന്നു.

ആർതർ-പ്യാനിച്ച് സ്വാപ് ഡീലോടെ ബാഴ്സയും യുവന്റസും തമ്മിൽ മികച്ച ബന്ധമാണുള്ളത്. അതു കൊണ്ടു തന്നെ ഗ്രീസ്മൻ ട്രാൻസ്ഫർ നടക്കാനുള്ള സാധ്യത കൂടുതലാണ്. ഗ്രീസ്മൻ ട്രാൻസ്ഫറിൽ നിന്നും ലഭിക്കുന്ന തുക ചിലപ്പോൾ നെയ്മറേയോ ലൗടാരോ മാർട്ടിനസിനെയോ വാങ്ങാനും ബാഴ്സ ഉപയോഗപ്പെടുത്തിയേക്കാം.

You Might Also Like