നാണംകെട്ട് ലോകകപ്പ് നേടാനെത്തിയ കടുവകള്‍, കുഞ്ഞന്മാര്‍ അട്ടിമറിച്ചു

ലോകകപ്പ് യോഗ്യത മത്സരത്തിലെ ആദ്യ ദിനം വന്‍ അട്ടിമറി. കരുത്തരായ ബംഗ്ലാദേശിനെ ക്രിക്കറ്റിലെ നവാഗതരായ സ്‌കോട്‌ലന്‍ഡ് ആറ് റണ്‍സിന്് തോല്‍പിച്ചു. സ്‌കോട്ട്‌ലന്‍ഡ് ഉയര്‍ത്തിയ 141 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ബംഗ്ലാദേശ് പോരാട്ടം 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സിന് അവസാനിയ്ക്കുകയായിരുന്നു.

മൂന്ന് വിക്കറ്റുമായി ബ്രാഡ്ലി വീല്‍സും രണ്ട് വിക്കറ്റുമായി ക്രിസ് ഗ്രീവ്സും ഓരോരുത്തരെ പുറത്താക്കി ജോഷ് ഡേവിയും മാര്‍ക് വാട്ടുമാണ് ലോകകപ്പ് ചാമ്പ്യന്മാരാകാനെത്തിയ ബംഗ്ലാദേശ് ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ് സ്‌കോട്ട്‌ലന്‍ഡ് തുടക്കത്തിലെ കൂട്ടതകര്‍ച്ചയെ അതിജീവിച്ചാണ് 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് എടുത്തത്. ഏഴാമനായിറങ്ങി 28 പന്തില്‍ 45 റണ്‍സെടുത്ത ക്രിസ് ഗ്രീവ്സാണ് സ്‌കോട്ട്‌ലന്‍ഡിന്റെ രക്ഷകനായത്.

ബംഗ്ലാദേശിനായി മെഹിദി ഹസന്‍ നാല് ഓവറില്‍ 19 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി. മുസ്തഫിസുറും ഷാക്കിബ് അല്‍ ഹസനും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ബംഗ്ലാദേശിന്റെ മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍ സൗമ്യ സര്‍ക്കാര്‍(5) ഡേവിയുടെ രണ്ടാം ഓവറില്‍ മന്‍സിയുടെ കൈകളിലെത്തി. തൊട്ടടുത്ത ഓവറില്‍ സഹഓപ്പണര്‍ ലിറ്റണ്‍ ദാസ്(5) വീലിന് മുന്നില്‍ കീഴടങ്ങി. മന്‍സിക്കായിരുന്നു ഈ ക്യാച്ചും. മൂന്നാം വിക്കറ്റില്‍ ഷാക്കിബ് അല്‍ ഹസന്‍-മുഷ്ഫീഖുര്‍ റഹീം സഖ്യത്തിലായിരുന്നു ബംഗ്ലാ പ്രതീക്ഷകള്‍. എന്നാല്‍ 12-ാം ഓവറില്‍ ഗ്രീവ്സ് ഈ കൂട്ടുകെട്ട് പൊളിച്ചു. ഷാക്കിബ്(20) ബൗണ്ടറിയില്‍ മക്ലിയോഡിന്റെ ക്യാച്ചില്‍ അവസാനിച്ചു.

മുഷ്ഫീഖുറിന്റെ പോരാട്ടവും അധികം നീണ്ടില്ല. 14-ാം ഓവറില്‍ ഗ്രീവ്സ് തന്നെയാണ് മുഷ്ഫീഖുറിനേയും(38) മടക്കിയത്. അഫീഫ് ഹൊസൈന്‍ 18ല്‍ മടങ്ങിയപ്പോള്‍ നുരുല ഹസന്‍ രണ്ടും നായകന്‍ മഹമ്മദുള്ള 23ലും വീണു. ഇതോടെ അവസാന ഓവറില്‍ ബംഗ്ലാദേശിന് ജയിക്കാന്‍ 24 റണ്‍സ് വേണമെന്നായി. എന്നാല്‍ മെഹിദി ഹസന്റേയും(13*), മുഹമ്മദ് സൈഫുദ്ദീന്റേയും(5*) പോരാട്ടം ഏഴ് റണ്‍സകലെ അവസാനിച്ചു.

You Might Also Like