കടുവകളെ നാണംകെടുത്തി അട്ടിമറിച്ചു, ലോകകപ്പില്‍ കറുത്ത കുതിരകളാകാന്‍ ഈ ക്രിക്കറ്റ് കുഞ്ഞന്‍മാര്‍
ടി20 ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ കരുത്തരായ ബംഗ്ലാദേശിനെ അട്ടിമറിച്ച് അയര്‍ലന്‍ഡ് ക്രിക്കറ്റ് ടീം. 33 റണ്‍സിനാണ് അയര്‍ലന്‍ഡ് ബംഗ്ലാദേശിനെ നാണംകെടുത്തിയത്.
ടി20 ലോകകപ്പില്‍ കറുത്ത കുതിരകളാകാന്‍ തങ്ങള്‍ യോഗ്യരാണെന്ന് തെളിയ്ക്കുന്നതായി മാറി അയര്‍ലന്‍ഡിന്റെ വിജയം. ന്യൂസിലന്‍ഡിനേയും ഓസ്‌ട്രേലിയയേയും അട്ടിമറിച്ചെത്തിയ ബംഗ്ലാദേശിന്റെ ആത്മവിശ്വാസം തകര്‍ക്കാനും അയര്‍ലന്‍ഡിനായി.
അബൂദാബിയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 177 റണ്‍സാണ് അടിച്ച് കൂട്ടിയത്. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് 144 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു.
അയര്‍ലന്‍ഡിനായി 50 പന്തില്‍ മൂന്ന് ഫോറും എട്ട് സിക്‌സും സഹിതം പുറത്താകാതെ 88 റണ്‍സെടുത്ത ഗാരത് ഡെലാനിയാണ് തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചത്. പോള്‍ സ്ട്രിംഗ് (22), നായകന്‍ ആന്‌ഡ്രോ ബാള്‍ബര്‍നി (25), ജോര്‍ജ് ഡോക്‌റില്‍ (9) എന്നിവരാണ് പുറത്തായ ബാറ്റ്‌സ്മാന്‍മാര്‍. 23 റണ്‍സുമായി ഹാരിയ ടെക്റ്റര്‍ ഡെലേനിയ്ക്ക് കൂട്ടായി ക്രീസിലുണ്ടായിരുന്നു.
ബംഗ്ലാ നിരയില്‍ മുസ്തഫിസുറഹ്മാന്‍ നാല് ഓവറില്‍ 40 റണ്‍സും ശെരീഫുല്‍ ഇസ്ലാം 41 റണ്‍സും വഴങ്ങി.
മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് നിരയില്‍ 24 പന്തില്‍ 38 റണ്‍സെടുത്ത നൗറുല്‍ ഹസനും 30 പന്തില്‍ 37 റണ്‍സെടുത്ത സൗമ്യ സര്‍ക്കാരും മാത്രമാണ് പിടിച്ച് നിന്നത്. നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങിയ മൂന്ന് വിക്കറ്റ് വീഴ്ത്തിയ മാര്‍ അഡയ്‌റും 22 റണ്‍സ് വഴങ്ങിയ രണ്ട് വിക്കറ്റ് വീഴ്ത്തിയ ജോഷ്‌ന ലിറ്റിലും ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍മാരുടെ നടുവൊടിയ്ക്കുകയായിരുന്നു. ക്രെയ്ഗ് യംഗും രണ്ട് വിക്കറ്റ് വീഴ്ത്തി.