; )
അയര്‍ലന്‍ഡിനെതിരെ ആദ്യ ഏകദിനത്തില്‍ ബംഗ്ലാദേശിന് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് അന്‍പത് ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സാണ് സ്വന്തമാക്കിയത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയില്‍ ഉളളത്.
ബംഗ്ലാദേശിനായി ഷാക്കിബ് അല്‍ ഹസനും തൗഹീദ് ഹൃദോയും തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ഷാക്കിബ് 89 പന്തില്‍ ഒന്‍പത് ഫോറടക്കം 93 റണ്‍സാണ് നേടിയത്. തൗഹീദ് ഹൃദോയ് 85 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും സഹിതം 92 റണ്‍സാണ് നേടിയത്.
ഇരുവരും സെഞ്ച്വറി നേടിമെന്ന് തോന്നിച്ചെങ്കിലും തൊട്ടടുത്തെത്തി നിര്‍ഭാഗ്യകരമായി പുറത്താകുകയായിരുന്നു. തൗഹീദ് ഹൃദോയുടെ കന്നി ഏകദിന മത്സരമാണിത്.
ബംഗ്ലാദേശിനായി ലിറ്റന്‍ ദാസ് (26), നജ്മുല്‍ ഹുസൈന്‍ (25), മുഷ്ഫിഖു റഹീം (44), യാസര്‍ അലി (17) എന്നിവരും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. തമീം ഇഖ്ബാല്‍ (3), തസ്‌കീന്‍ അഹമ്മദ് (11), നസും അഹമ്മദ് (11*) എന്നിങ്ങനെയാണ് മറ്റ് ബംഗ്ലാ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം.
അയര്‍ലന്‍ഡിനായി ഗ്രഹാം ഹും നാല് വിക്കറ്റ് വീഴ്ത്തി. 10 ഓവറില്‍ 60 റണ്‍സ് വഴങ്ങിയാണ് ഹ്യൂം നാല് വിക്കറ്റ് വീഴ്ത്തിയത്. മാര്‍ക്ക് അഡൈര്‍, എംസി ബ്രെയ്ന്‍, ചാമ്പര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.