തോൽക്കുന്നെങ്കിലും അതിലൊരു മാന്യത വേണ്ടേ? ബംഗ്ലാദേശിനെതിരെ രൂക്ഷവിമർശനം

Image 3
CricketWorldcup

അട്ടിമറി വിജയങ്ങളുടെ പരമ്പര തീർത്ത ടി20 ലോകകപ്പിൽ ബംഗ്ലാദേശിനെ എട്ട് റൺസിന് തകർത്ത് അഫ്ഗാനിസ്ഥാൻ സെമിഫൈനലിൽ കടന്നു. ഈ തോൽവിയോടെ ബംഗ്ലാദേശ്, ഓസ്ട്രേലിയൻ ടീമുകൾ ടൂർണ്ണമെന്റിൽ നിന്നും പുറത്തായി. മഴ, വിക്കറ്റുകൾ, ഹാംസ്ട്രിംഗ് പരിക്കുകൾ, ലിട്ടൺ ദാസിന്റെ പോരാട്ടം, വീണ്ടും മഴ, വീണ്ടും വിക്കറ്റുകൾ… ഏതൊരു ത്രില്ലർ സിനിമയെയും വെല്ലുന്ന അനുഭവമായിരുന്നു ഈ മത്സരം.

അവസാന പന്ത് വരെ ആവേശംനിറഞ്ഞ മത്സരത്തിൽ, റാഷിദ് ഖാന്റെയും, നവീൻ ഉൽ ഹഖിന്റെയും മികച്ച ബൗളിംഗ് പ്രകടനത്തിലൂടെയാണ് അഫ്ഗാനിസ്ഥാൻ വിജയം സ്വന്തമാക്കിയത്.

എന്നാൽ, ബംഗ്ലാദേശിന്റെ പ്രകടനം നിരാശാജനകമായിരുന്നു. മത്സരത്തിലുടനീളം അവരുടെ പ്രതിരോധാത്മക സമീപനമാണ് ഈ തോൽവിക്ക് കാരണമായതെന്ന് വിമർശകർ അഭിപ്രായപ്പെടുന്നു. പ്രത്യേകിച്ച്, റൺ ചേസിങ്ങിലെ അമിത ജാഗ്രതയാണ് അവരുടെ പരാജയത്തിൽ കലാശിച്ചത്. സെമി സാധ്യതകൾക്കായി അഫ്ഗാൻ ഉയർത്തിയ വിജയലക്ഷ്യം 12.4 ഓവറുകളിൽ മറികടക്കേണ്ടിയിരുന്ന ബംഗ്ലാദേശ് എന്നാൽ എങ്ങനെയെങ്കിലും വിജയിച്ച്, അഫ്ഗാന്റെ സെമി സാധ്യകൾ അവസാനിപ്പിക്കാനായാണ് ശ്രമിച്ചത്.

അഫ്ഗാനിസ്ഥാന്റെ മികച്ച ബാറ്റിംഗ്

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന് തുടക്കത്തിൽ തിരിച്ചടികൾ നേരിട്ടെങ്കിലും 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 115 റൺസ് എന്ന മത്സരയോഗ്യമായ സ്കോർ നേടിയെടുത്തു. 43 റൺസ് നേടിയ റഹ്മാനുള്ള ഗുർബാസ് ടോപ് സ്കോററായി തിളങ്ങിയപ്പോൾ ഇബ്രാഹിം സദ്രാൻ (18), അസ്മത്തുള്ള ഒമർസായ് (10) എന്നിവരുടെ മൂല്യവത്തായ സംഭാവനകളും ഇന്നിംഗ്സിനെ കരുത്തുറ്റതാക്കി. ബംഗ്ലാദേശിനുവേണ്ടി റിഷാദ് ഹുസൈൻ മൂന്ന് വിക്കറ്റുകൾ നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.

ബംഗ്ലാദേശിന്റെ പതറുന്ന പിന്തുടരൽ

116 റൺസ് പിന്തുടർന്ന ബംഗ്ലാദേശ്, തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ട് സമ്മർദ്ദത്തിൽ പതറി. ലിട്ടൺ ദാസിന്റെ അർധസെഞ്ചുറി (54*) ഉണ്ടായിരുന്നിട്ടും, ടീമിന് മികച്ച കൂട്ടുകെട്ടുകൾ പടുത്തുയർത്താൻ കഴിഞ്ഞില്ല. അർദ്ധസെഞ്ചുറിയുമായി ഒരറ്റത്ത് വിക്കറ്റ് കാത്ത ദാസിന്റെ ഇന്നിംഗ്സ് പാഴായി. ദാസ് ഒരറ്റത്ത് വിക്കറ്റ് കാത്തപ്പോൾ കൂറ്റനടികളിലൂടെ മത്സരം വിജയിക്കാൻ മറ്റു ബാറ്റർമാർക്ക് കഴിഞ്ഞില്ല. നാല് വിക്കറ്റ് നേടിയ റാഷിദ് ഖാന്റെയും, നവീനുൽ ഹഖിന്റെയും, അസാധാരണമായ ബൗളിംഗ് പ്രകടനം, ബംഗ്ലാദേശിനെ 105 റൺസിന് പുറത്താക്കി.

സെമി ഫൈനലിലേക്കുള്ള പാത

ഈ കഠിനമായ വിജയം അഫ്ഗാനിസ്ഥാന്റെ സെമിഫൈനൽ സ്ഥാനം ഉറപ്പിച്ചു എന്നതിനപ്പുറം സമ്മർദ്ദത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള അവരുടെ കഴിവും പ്രതിരോധവും തെളിയിക്കുകയും ചെയ്തു. ടീമിന്റെ ഈ മികച്ച പ്രകടനം ആരാധകരിൽ ആത്മവിശ്വാസം വളർത്തിയിട്ടുണ്ട്, അടുത്ത വെല്ലുവിളിക്ക് അവർ ആകാംക്ഷയോടെ കാത്തിരിക്കുന്നു.

പ്രധാന ഹൈലൈറ്റുകൾ:

അഫ്ഗാനിസ്ഥാൻ: 115/5 (20 ഓവറിൽ)
ബംഗ്ലാദേശ്: 105 (17.5 ഓവറിൽ)
ഫലം: അഫ്ഗാനിസ്ഥാൻ 8 റൺസിന് വിജയിച്ചു.

ടി20 ലോകകപ്പിലെ അഫ്ഗാനിസ്ഥാന്റെ ജൈത്രയാത്ര തുടരുന്നു, ഏഷ്യയിലെ ഏറ്റവും മികച്ച രണ്ടാമത്തെ ടീം എന്ന അവരുടെ അവകാശവാദത്തിന് അടിവരയിടുന്നതായി ബംഗ്ലാദേശിനെതിരായ വിജയം

ഓസ്ട്രേലിയയുടെ പുറത്താകൽ
ഈ മത്സരഫലത്തോടെ ഓസ്ട്രേലിയയുടെ സെമി ഫൈനൽ പ്രതീക്ഷകൾ അവസാനിച്ചു. അഫ്ഗാനിസ്ഥാൻ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഓസ്ട്രേലിയയെ തോൽപ്പിച്ചതോടെ, ഈ മത്സരത്തിൽ ബംഗ്ലാദേശ് കുറഞ്ഞ മാർജിനിൽ ജയിച്ചുകയറിയാൽ മാത്രമേ ഓസീസിന് സെമി സാധ്യത ഉണ്ടായിരുന്നുള്ളൂ..