സഞ്ജുവിന് അടുത്ത തിരിച്ചടി, സ്റ്റാര്‍ പേസര്‍ നേരത്തെ ടീം വിടും

Image 3
CricketIPL

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാമ്പിന് ആശങ്ക സൃഷ്ടിക്കുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്ത്. ഈ സീസണില്‍ ഇതുവരെയുള്ള രാജസ്ഥാന്റെ എല്ലാ മല്‍സരങ്ങളിലും കളിച്ചിട്ടുള്ള ബംഗ്ലാദേശ് സ്റ്റാര്‍ പേസര്‍ മുസ്തഫിസുര്‍ റഹ്മാന്‍ ടൂര്‍ണമെന്റ് തീരുന്നതിനു മുമ്പ് തന്നെ നാട്ടിലേക്കു മടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

ബംഗ്ലാദേശ് ആരോഗ്യ മന്ത്രാലയം പുതിയ ക്വാറന്റീന്‍ നിയമം കൊണ്ടുവന്നതോടെയാണ് മുസ്തഫിസുര്‍ നേരത്തേ നാട്ടിലേക്കു മടങ്ങാന്‍ ആലോചിക്കുന്നത്. മുസ്തഫിസുറിനെ കൂടാതെ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന്റെ ബംഗ്ലാദേശ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാക്വിബുല്‍ ഹസനും സീസണ്‍ അവസാനിക്കുന്നതിനു മുമ്പ് നാട്ടിലേക്കു മടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ 14 ദിവസം നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയണമെന്നാണ് ബംഗ്ലാദേശ് ആരോഗ്യ മന്ത്രാാലയം നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. മേയ് ഒന്നു മുതല്‍ ഇതു പ്രാബല്യത്തില്‍ വരികയും ചെയ്തിട്ടുണ്ട്. ഇതോടെ ബംഗ്ലാദേശിന്റെ ഇനി നടക്കാനിരിക്കുന്ന പരമ്പരയില്‍ കളിക്കണമെങ്കില്‍ മുസ്തഫിസുര്‍, ഷാക്വിബ് എന്നിവര്‍ക്കു നേരത്തേ നാട്ടില്‍ എത്തേണ്ടിവരും.

രാജസ്ഥാന്‍ ഇതുവരെ കളിച്ച ഏഴു മല്‍സരങ്ങളിലും മുസ്തഫിസുര്‍ പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. എട്ടു വിക്കറ്റുകളും അദ്ദേഹം വീഴ്ത്തി. ഷാക്കിബാകട്ടെ ഇതുവരെ മൂന്ന് മത്സരങ്ങളിലാണ് കൊല്‍ക്കത്തയ്ക്കായി കളിച്ചത്.

അതെസമയം രാജസ്ഥാന്‍ നിരയില്‍ ഇതിനോടകം നാല് താരങ്ങളെ നഷ്ടമായി കഴിഞ്ഞു. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സ്, ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ട്ടര്‍, ഓസീസ് പേസര്‍ ആന്‍ഡ്രു ടൈ, ഇംഗ്ലണ്ടിന്റെ ലിയാം ലിവിങ്സ്റ്റണ്‍ എന്നിവരെ ഇതിനകം രാജസ്ഥാനു നഷ്ടമായ താരങ്ങള്‍.

ഐപിഎല്ലില്‍ ഏഴ് മത്സരങ്ങളില്‍ നിന്നായി മൂന്ന ജയവും നാല് തോല്‍വിയുമായി പോയന്റ് പട്ടികയില്‍ അഞ്ചാമതാണ് രാജസ്ഥാന്‍. ഈ മാസം 30നാണ് ഐപിഎല്‍ അവസാനിക്കുക.