നേപ്പാളിനെ തീര്‍ത്തത് ലോ സ്‌കോര്‍ ത്രില്ലറിന്, ഇനി ഇന്ത്യയോട് മസില് കാട്ടാന്‍ കടുവകള്‍

Image 3
CricketFeaturedWorldcup

ടി20 ലോകകപ്പില്‍ സൂപ്പര്‍ എട്ടിലേക്ക് യോഗ്യത നേടി ബംഗ്ലാദേശ്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ നേപ്പാളിനെ തോല്‍പ്പിച്ചാണ് ബംഗ്ലാദേശ് അവസാന എട്ടിലെത്തിയത്. കിംഗ്സ്ടൗണില്‍ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ 21 റണ്‍സിനായിരുന്നു ബംഗ്ലാദേശിന്റെ ജയം. സൂപ്പര്‍ എട്ടില്‍ ഇന്ത്യയും ഓസ്ട്രേലിയയും അഫ്ഗാനിസ്ഥാനും അടങ്ങുന്ന ഗ്രൂപ്പിലാണ് ബംഗ്ലാദേശ്. ഇന്ത്യയോടാണ് ബംഗ്ലാദേശിന്റെ അടുത്ത മത്സരം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശ് 19.3 ഓവറില്‍ 106 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. 17 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസനാണ് ടോപ് സ്‌കോറര്‍. എന്നാല്‍ മറുപടി ബാറ്റിംഗില്‍ 19.2 ഓവറില്‍ 85 റണ്‍സിന് നേപ്പാളിനെ എറിഞ്ഞിടുകയായിരുന്നു.

27 കുശാല്‍ മല്ലയാണ് നേപ്പാളിനായി ചെറുത്തുനിന്നത്. ദിപേന്ദ്ര സിംഗ് ഐറി 25 റണ്‍സെടുത്തു. മറ്റാര്‍ക്കും പൊരുതാന്‍ കൂടിയായില്ല. ബംഗ്ലാദേശിനായി തന്‍സിം ഹസന്‍ ഷാക്കിബ് നാല് വിക്കറ്റും മുസ്തഫിസുര്‍ റഹ്മാന്‍ മൂന്നും വിക്കറ്റെടുത്തു.

നേരത്തെ, ബംഗ്ലാദേശും വലിയ തകര്‍ച്ചയാണ് നേരിട്ടത്. ബംഗ്ലദേശ് നിരയില്‍ ഒരാള്‍ക്ക് പോലും 20 റണ്‍സില്‍ കൂടുതല്‍ നേടാന്‍ സാധിച്ചിരുന്നില്ല. ഷാകിബിന് പുറമെ റിഷാദ് ഹുസൈന്‍ (13), മഹ്മുദുള്ള (13), ജേക്കര്‍ അലി (12), ടസ്‌കിന്‍ അഹമ്മദ് (12*), ലിറ്റണ്‍ ദാസ് (10) എന്നിവരാണ് രണ്ടക്കം മറ്റുതാരങ്ങള്‍.

തന്‍സിദ് ഹസന്‍ (0), നജ്മുല്‍ ഹുസൈന്‍ ഷാന്റോ (4), തൗഹിദ് ഹൃദോയ് (9), തസ്നിം ഹസന്‍ (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. സോംപാല്‍, ദിപേന്ദ്ര തുടങ്ങിയവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ശ്രീലങ്ക, നെതര്‍ലന്‍ഡ്സിനെ തോല്‍പ്പിച്ചു. ഇരുവരും ഇതിനോടകം ലോകകപ്പില്‍ നിന്ന് പുറത്തായതിനാല്‍ ഈ മത്സരത്തിന് വലിയ പ്രസക്തിയില്ല. 83 റണ്‍സിനായിരുന്നു ലങ്കയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍, നെതര്‍ലന്‍ഡ്സ് 16.4 ഓവറില്‍ 118ന് എല്ലാവരും പുറത്തായി.