ഏറ്റവും മോശം പരമ്പര, പൊട്ടിത്തെറിച്ച് വിന്‍ഡീസ് പര്യടനത്തിനെത്തിയ ബംഗ്ലാദേശ് താരങ്ങള്‍

വീന്‍ഡീസ് പര്യടനത്തിനെത്തി ജീവിത്തില്‍ മരണം കണ്‍മുന്നില്‍ കാണേണ്ടി വന്ന ഗതികേടിലാണ് ബംഗ്ലാദേശ് താരങ്ങള്‍. പര്യടനത്തിനിടെ താരങ്ങള്‍ക്കായി വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ഒരുക്കിയ കടല്‍ യാത്രയാണ് ബംഗ്ലാദേശ് താരങ്ങളില്‍ ജീവഭയം ഉണ്ടാക്കിയത്.

സെന്റ് ലൂസിയയില്‍ നിന്നു ഡൊമിനിക്ക വരെ, 180 കിലോമീറ്റര്‍ ദൂരം കടലിലൂടെയുള്ള യാത്രയാണ് ബംഗ്ലാദേശ് താരങ്ങള്‍ക്ക് പേടിപ്പെടുത്തുന്ന അനുഭവമായത്. കപ്പല്‍ യാത്ര അത്ര പരിചയമില്ലാത്ത ബംഗ്ലദേശ് താരങ്ങളില്‍ പലര്‍ക്കും യാത്രയ്ക്കിടെ കടുത്ത അസ്വസ്ഥകളും ഛര്‍ദിയുമുണ്ടായി. അതിനേക്കാളേറെ പ്രക്ഷുബ്ധമായ അറ്റ്ലാന്റിക് സമുദ്രത്തിലെ ഉയരംകൂടിയ തിരമാലകളാണ് താരങ്ങളെ മാനസികമായി തളര്‍ത്തിയത്.

ബംഗ്ലാദേശ് താരങ്ങള്‍ യാത്രചെയ്ത ചെറുകപ്പല്‍ നടുകടലില്‍ എത്തിയപ്പോള്‍ കടന്‍ ഏറെ പ്രക്ഷുബ്ധമായെന്നും കപ്പല്‍ ആടിയുലഞ്ഞെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 6-7 അടിവരെ ഉയരമുള്ള തിരമാലകളില്‍പ്പെട്ട് ചെറുകപ്പല്‍ ചാഞ്ചാടിയത്രെ. യാത്ര സമ്മാനിച്ച അനുഭവം ബംഗ്ലാദേശ് താരങ്ങള്‍ പങ്കുവെച്ചത് ഏറെ ഭീതിയോടെയാണ്.

‘ഇവിടെ രോഗം ബാധിക്കുന്നതും മരിച്ചുവീഴാന്‍ പോകുന്നതുമൊക്കെ ഞങ്ങളാണ്. അവര്‍ക്കൊന്നും ഒന്നും സംഭവിക്കില്ല’ ഒരു താരം ആഞ്ഞടിച്ചു.

ഞാന്‍ ഒരുപാടു രാജ്യങ്ങളില്‍ പോയിട്ടുണ്ട്. എന്നാല്‍ ഇത്തരത്തിലൊരു അനുഭവം ആദ്യമായാണ്. എന്റെ ജീവിതത്തിലെ ഏറ്റവും മോശമായ പര്യടനമാണിത്’ മറ്റൊരു താരം പ്രതികരിച്ചു.

താരങ്ങളുമായി ആലോചിക്കാതെയാണ് യാത്ര പ്ലാന്‍ ചെയ്തതെന്ന വിമര്‍ശനമുയരുന്നുണ്ട്. കടല്‍ യാത്രയ്ക്കുള്ള സന്നദ്ധത അറിയിച്ചത് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ആണെന്നും ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് താരങ്ങളുമായി ചര്‍ച്ച നടത്താതെ അതിന് അംഗീകാരം നല്‍കുകയായിരുന്നു എന്നുമാണ് പറത്ത് വരുന്ന വിവരം.

മൂന്ന് ടി20യാണ് പരമ്പരയിലുളളത്. ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കെപ്പട്ടിരുന്നു. 12 ഓവര്‍ മാത്രമാണ് പന്തെറിയാനായത്.

You Might Also Like