കോപ്പ ഇറ്റാലിയ മിലാൻ ഡെർബിയിൽ അസഭ്യവർഷം, ലുക്കാക്കുവിനും ഇബ്രാഹിമോവിച്ചിനും വിലക്ക്
ഇന്റർമിലാനുമായി നടന്ന കോപ്പ ഇറ്റാലിയ മത്സരത്തിൽ എസി മിലാനു ഒന്നിനെതിരെ രണ്ടു ഗോളുകളുടെ തോൽവിയേറ്റു വാങ്ങേണ്ടി വന്നിരുന്നു. സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെ ഗോളിനു പെനാൽറ്റിയിലൂടെ ലുക്കാക്കു സമനില പിടിച്ചപ്പോൾ ഇഞ്ചുറി ടൈമിൽ ക്രിസ്ത്യൻ എറിക്സൺ നേടിയ മനോഹര ഫ്രീകിക്കാണ് ഇന്റർമിലാനു മികച്ച വിജയം നേടിക്കൊടുത്തത്. മത്സരത്തിൽ എസി മിലാന്റെ ഏക ഗോൾ നേടിയ സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന് ചുവപ്പു കാർഡ് കണ്ടു പുറത്തു പോവേണ്ടിയും വന്നിരുന്നു.
മത്സരത്തിൽ ലുക്കാക്കുവും സ്ലാട്ടൻ ഇബ്രാഹിംമോവിച്ചും തമ്മിലുണ്ടായ വാക്കേറ്റവും ഉന്തും തള്ളും മിലാൻ ഡെർബിയെ ചൂടുപിടിപ്പിച്ചിരുന്നു. പരസ്പരം അമ്മയെയും ഭാര്യയെയും അസഭ്യവർഷം നടത്തുകയായിരുന്നു ഇരുവരും. ഇരുവരും മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരുമിച്ചു കളിച്ചവരാണ്. ഈ സംഭവത്തിൽ ഇരുവർക്കും റഫറി മഞ്ഞക്കാർഡുകൾ നൽകിയിരുന്നു.
https://twitter.com/SociendMedia/status/1355199480476401669?s=19
മത്സരത്തിൽ കൊളറോവിനെ ഫൗൾ ചെയ്തതിനു ഇബ്രാഹിമോവിച്ചിന് രണ്ടാം പകുതിയിൽ റെഡ് കാർഡ് കണ്ടു പുറത്തു പോകേണ്ടി വന്നിരുന്നു. എന്നാൽ ഈ സംഭവത്തെ ആധാരമാക്കി ഇരുവർക്കും അടുത്ത ഒരു മത്സരത്തിൽ വിലക്കു പ്രഖ്യാപിച്ചിരിക്കുകയാണ് ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ. കോപ്പ ഇറ്റാലിയ മത്സരങ്ങളിൽ മാത്രമാണ് ഈ വിലക്ക് ബാധകമായിട്ടുള്ളത്.
ഇബ്രാഹിമോവിച്ചിന്റെ എസി മിലാൻ ടൂർണമെന്റിൽ നിന്നും പുറത്തായതിനാൽ അടുത്ത സീസണിൽ ആയിരിക്കും ഈ വിലക്ക് ബാധകമായി വരിക. എന്നാൽ ലുക്കാക്കുവിന്റെ കാര്യത്തിൽ അടുത്ത യുവന്റസുമായുള്ള സെമി ഫൈനൽ ആദ്യ പാദ മത്സരത്തിൽ നിന്നും പുറത്തിരിക്കേണ്ടി വരും.അടുത്തയാഴ്ചയാണ് മത്സരം നടക്കാനിരിക്കുന്നത്. എന്നാൽ ഈ സംഭവത്തിൽ കൂടുതൽ അന്വേഷണവുമായി മുന്നോട്ടു നീങ്ങാനാണ് ഫെഡറേഷന്റെ തീരുമാനം. സ്ലാട്ടന്റെ ഭാഗത്തു നിന്നും വംശീയ അധിഷേപം നടന്നിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്.