അവതാരികയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല; ഇന്റർവ്യൂ ബഹിഷ്കരിച്ച് ഗാരെത് ബെയിൽ

Image 3
Euro 2020

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കുമോ എന്ന ചോദ്യത്തിന് ഉത്തരം പറയാതെ ഇന്റർവ്യൂ ബഹിഷ്കരിച്ച് ഗാരെത് ബെയിൽ. ഡെന്മാർക്കുമായി യൂറോ പ്രീക്വാർട്ടർ തോൽവിക്ക് പിന്നാലെ നടന്ന ഇന്റർവ്യൂവിൽ ബിബിസി പ്രതിനിധിയുടെ ചോദ്യത്തോടാണ് നീരസം കലർന്ന രീതിയിൽ ബെയിലിന്റെ പെരുമാറ്റം. ചോദ്യത്തിന് മറുപടി കൊടുക്കാതെ ഇന്റർവ്യൂവിൽ നിന്നും താരം ഇറങ്ങിപോവുകയായിരുന്നു.

നിലവിൽ റയലിൽ നിന്നും ഒരുവർഷത്തെ ലോൺ വ്യവസ്ഥയിൽ ടോട്ടൻഹാമിനായി കളിക്കുന്ന ബെയിൽ ഇംഗ്ലീഷ് ക്ലബ്ബുമായുള്ള കരാർ അവസാനിച്ചാലുടൻ തന്റെ ഭാവി പദ്ധതി പ്രഖ്യാപിക്കുമെന്ന് പറഞ്ഞിരുന്നു. ഇത് യൂറോയോടെ താരം വിരമിച്ചേക്കും എന്ന തരത്തിൽ വ്യാപകമായി അഭ്യൂഹത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.

യൂറോ പ്രീക്വാർട്ടറിൽ ഡെന്മാർക്കുമായി ഏറ്റുമുട്ടിയ ബെയിലിനും സംഘത്തിനും ഡെന്മാർക്കിന്റെ പോരാട്ടവീര്യത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. യുവതാരം കാസ്പെർ ഡോൽബെർഗ് നേടിയേ ഇരട്ട ഗോളിന്റെ മികവിൽ എതിരില്ലാത്ത നാലുഗോളുകൾക്കാണ് ഡെന്മാർക്ക് വെയിൽസിനെ പരാജയപ്പെടുത്തിയത്.

മത്സരത്തിന് മുൻപ് യൂറോ ഉദ്ഘാടന മത്സരത്തിൽ കളിക്കളത്തിൽ കുഴഞ്ഞുവീണ ഡെന്മാർക്ക് താരം ക്രിസ്ത്യൻ എറിക്സണ് ആശംസകൾ നേർന്ന് ജേഴ്‌സി കൈമാറ്റം ചെയ്ത ബെയിലിന്റെ നടപടി ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. എന്നാൽ മത്സരാവസാനം വരെ ഈ മനോനില കൊണ്ടു നടക്കാൻ ബെയിലിനും സംഘത്തിനുമായില്ല.

മത്സരത്തിൽ ആദ്യ മിനിറ്റിലെ ആധിപത്യത്തിന് വിപരീതമായി ഡാനിഷ് ഗോൾ മഴയിൽ മുങ്ങിയ വെയിൽസ് താരങ്ങളുടെ സമനില മത്സരാവസാനത്തോടെ തെറ്റുന്നത് കളിയിൽ പ്രകടമായിരുന്നു. ഇതിന്റെ ഫലമായി വെയിൽസ് താരം ഹാരി വിൽസൺ അവസാന മിനിറ്റുകളിൽ റെഡ് കാർഡ് കണ്ട് പുറത്തുപോവുകയും ചെയ്തു.