ട്രോളന്മാർക്കു പറ്റുമോ ഇതുപോലെ, റയലിനെയും സിദാനെയും പരിഹസിച്ച് ഗരത് ബേൽ

ഗരത് ബേലിന്റെ റയൽ മാഡ്രിഡ് കാലഘട്ടം ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കിയ ഒന്നാണ്. വമ്പൻ തുകയുടെ ട്രാൻസ്ഫറിൽ ക്ലബിലെത്തിയ താരത്തിനു പക്ഷേ പരിക്കുകൾ മൂലം ടീമിൽ പ്രധാനിയായി മാറാൻ കഴിഞ്ഞില്ല. എന്നാൽ പല നിർണായക മത്സരങ്ങളിലും ടീമിന്റെ ഗോളുകൾ നേടാനും കിരീടങ്ങൾ നേടിക്കൊടുക്കാനും താരത്തിനു കഴിഞ്ഞിട്ടുണ്ട്.

എന്നാൽ പിന്നീട് റയൽ ആരാധകർക്കും ക്ലബ് നേതൃത്വത്തിനും അപ്രിയനായി താരം മാറി. റയൽ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും ബേൽ ക്ലബ് വിടാൻ തയ്യാറായില്ല. ഗോൾഫ് കളിച്ചു നടക്കുന്നതിന്റെ പേരിലും തന്നെ കൂക്കിവിളിച്ച ആരാധകർക്കു നേരെ നോക്കി ചിരിച്ചുമെല്ലാം ബേൽ പിന്നീട് വാർത്തകളിൽ ഇടം നേടിയിരുന്നു.

ഇപ്പോൾ അലാവസിനെതിരായ റയലിന്റെ കഴിഞ്ഞ മത്സരത്തിനിടെ ബേലിന്റെ ചെയ്തികളാണ് ശ്രദ്ധ പിടിച്ചു പറ്റുന്നത്. റയൽ കളിക്കുമ്പോൾ ഫേസ് മാസ്ക് സ്ലീപ് മാസ്കാക്കി പകരക്കാരുടെ ബെഞ്ചിലിരുന്ന് താരം ഉറങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. റയൽ നേതൃത്വത്തെയും സിദാനെയുമെല്ലാം അക്ഷരാർത്ഥത്തിൽ പരിഹസിക്കുകയാണ് താരം ചെയ്യുന്നതെന്ന് വ്യക്തമാണ്.

അതു മാത്രമല്ല, സിദാൻ അവസാനത്തെ സബ്സ്റ്റിറ്റ്യൂഷനും പൂർത്തിയാക്കിയപ്പോൾ ബെഞ്ചിലിരുന്ന് താരം ചിരിക്കുകയായിരുന്നു. മൊത്തത്തിൽ റയലിന്റെ തീരുമാനങ്ങളെ മുഴുവൻ താരം പരിഹസിക്കുകയാണെന്നതു വ്യക്തമാണ്. 2022 വരെ റയലുമായി കരാറുള്ള ബേൽ ക്ലബ് വിടാനിടയുണ്ടെന്നു തന്നെയാണിതു വ്യക്തമാക്കുന്നത്.

You Might Also Like