ബെയ്‌ലിന്റെ കാലടികളെ റയൽ മാഡ്രിഡ്‌ ചുംബിക്കേണ്ടതാണ്, തിരിച്ചിനി താരം റയലിലേക്കില്ലെന്നു ഏജന്റ്

Image 3
EPLFeaturedFootball

ടോട്ടനത്തിലേക്ക് ചേക്കേറിയ ഗാരെത് ബെയ്ലിന് പിന്തുണയേകിയും താരത്തെ കഴിഞ്ഞ സീസണിലുണ്ടായ അവഗണക്കെതിരെ തുറന്നടിച്ചും രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ഏജൻറായ ജൊനാഥൻ ബാർനെറ്റ്. സിദാനു കീഴിൽ ഏറെക്കുറെ ഒരു സീസൺ മുഴുവൻ പുറത്തിരുന്ന ബെയ്ൽ കുറച്ചു ദിവസങ്ങൾക്കു മുൻപ് ടോട്ടനത്തിൽ മൗറീഞ്ഞോയുടെ കീഴിലേക്ക് ചേക്കേറുകയാണുണ്ടായത്. ഒരു സീസണിലേക്കുള്ള ലോൺ കാലാവധി കഴിഞ്ഞാലും താരം റയലിലേക്കു തിരിച്ചെത്താൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

“ബെയ്ൽ ഇനി റയലിലേക്കു തിരിച്ചെത്തുമെന്നത് ഒരിക്കലും നടക്കില്ലെന്നാണ് എനിക്കു തോന്നുന്നത്. അദ്ദേഹം ടോട്ടനത്തിനൊപ്പം മികച്ച പ്രകടനം കാഴ്ചവെക്കുകയും വീണ്ടും അവിടെത്തന്നെ തുടരാനുമാണു സാധ്യത കാണുന്നത്. അദ്ദേഹം കളിക്കളത്തിലേക്കു വീണ്ടും തിരിച്ചെത്തുമെന്നതും ഇഷ്ടപ്പെട്ട രീതിയിൽ കളിക്കാൻ കഴിയുമെന്നതുമാണ് എനിക്ക് ആശ്വാസകരമായി തോന്നുന്ന കാര്യം.”

“വിദേശത്തു കളിച്ച ബ്രിട്ടീഷ് കളിക്കാരിൽ ഏറ്റവുമധികം നേട്ടങ്ങൾ സ്വന്തമാക്കിയ താരങ്ങളിലൊരാളാണ് ബെയ്ൽ. എന്നാൽ റയലിനെപ്പോലൊരു വമ്പൻ ക്ലബിനൊപ്പം ഇത്രയും നേട്ടങ്ങൾ സ്വന്തമാക്കിയ ഒരു കളിക്കാരനെന്ന നിലയിൽ വേണ്ട രീതിയിൽ പരിഗണിക്കപ്പെട്ടിട്ടുണ്ടോയെന്നതു സംശയമാണ്. കുറച്ചു കൂടി നല്ല പെരുമാറ്റം ബെയ്ൽ അർഹിച്ചിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല.”

“ആരാധകർ അദ്ദേഹത്തെ അപമാനിക്കുന്ന സംഭവങ്ങളുണ്ടായപ്പോൾ ക്ലബ് അതവസാനിപ്പിക്കാൻ യാതൊരു ശ്രമവും നടത്തിയിട്ടില്ല. അക്കാര്യത്തിൽ ആരെയും കുറ്റം പറയാൻ ഞാനുദ്ദേശിക്കുന്നില്ല. എന്നിരുന്നാലും റയൽ മാഡ്രിഡിനൊപ്പം ബെയ്ൽ സ്വന്തമാക്കിയ നേട്ടങ്ങൾ കണക്കിലെടുക്കുമ്പോൾ അദ്ദേഹം നടക്കുന്ന പാതയിൽ റയൽ മാഡ്രിഡ് ഉമ്മ വെക്കേണ്ടതായി വരും.” ബാർനറ്റ് അഭിപ്രായപ്പെട്ടു.