തന്നെ സഹായിച്ചത് കോഹ്ലി, വെളിപ്പെടുത്തലുമായി ബാബര്‍ അസം

മികച്ച ക്രിക്കറ്ററാകാനുളള നിര്‍ണ്ണായക നിര്‍ദേശങ്ങള്‍ തന്നത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലാണെന്ന് പാകിസ്ഥാന്‍ നായകനും പുതിയ ഒന്നാം നമ്പര്‍ ഏകദിന ബാറ്റ്സ്മാനും കൂടിയായ ബാബര്‍ അസം. ഐസിസി ഏകദിന റാങ്കിങില്‍ കോഹ്ലിയെ പിന്നിലാക്കിയ ശേഷം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് നല്‍കിയ അഭിമുഖത്തിലാണ് മികച്ച ബാറ്റ്സ്മാനാകാന്‍ തന്നെ സഹായിച്ചത് കോഹ്ലിയുടെ ഉപദേശമെന്തെന്ന് ബാബര്‍ തുറന്നുപറഞ്ഞത്.

‘മുന്‍പ് നെറ്റ്‌സിലെ പരിശീലനം ഞാന്‍ കാര്യമായി എടുത്തിരുന്നില്ല. എന്നാല്‍ പിന്നീട് പതുക്കെ ഈ കുറവ് ഞാന്‍ മറികടന്നു. നെറ്റ് സെഷനുകള്‍ ഗൗരവമായി എടുക്കുന്നില്ലെങ്കില്‍ മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കില്ലയെന്ന് ഞാന്‍ മനസ്സിലാക്കി. ‘ ബാബര്‍ അസം പറഞ്ഞു.

‘ഇതിനെകുറിച്ച് ഞാന്‍ ഒരിക്കല്‍ വിരാട് കോഹ്ലിയുമായി സംസാരിച്ചിരുന്നു. നെറ്റ് സെഷനുകള്‍ മത്സരങ്ങളെ പോലെ ഗൗരവമായി കാണണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. നെറ്റ്‌സില്‍ മോശം ഷോട്ടുകള്‍ കളിച്ച് പുറത്തായാല്‍ മത്സരങ്ങളിലും അത് ആവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോഹ്ലിയുടെ ഈ നിര്‍ദ്ദേശം എന്നെ ഒരുപാട് സഹായിച്ചു. ഇപ്പോള്‍ നെറ്റ്‌സിലെ പരിശീലനത്തില്‍ ഞാന്‍ തൃപ്തനാണ്. നെറ്റ് സെഷന്‍ നന്നായി പോയില്ലെങ്കില്‍ ഞാനിപ്പോള്‍ അസ്വസ്ഥനായിരിക്കും. ‘ ബാബര്‍ അസം പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനത്തിന് പുറകെയാണ് ഏകദിന റാങ്കിങില്‍ കോഹ്ലിയെ പിന്നിലാക്കി ബാബര്‍ അസം ഒന്നാം സ്ഥാനത്തെത്തിയത്. സഹീര്‍ അബ്ബാസ്, ജാവേദ് മിയാന്‍ദാദ്, മൊഹമ്മദ് യൂസഫ് എന്നിവര്‍ക്ക് ശേഷം ഐസിസി ഏകദിന റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന പാകിസ്ഥാന്‍ ബാറ്റ്സ്മാന്‍ കൂടിയാണ് ബാബര്‍ അസം.

നീണ്ട 18 വര്‍ഷത്തിന് ശേഷമാണ് ഒരു പാക് താരം ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്.

You Might Also Like