അവിശ്വസനീയ റെക്കോര്‍ഡുകള്‍, ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ബാബറും റിസ്വാനും

ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ നമീബിയക്കെതിരെ മികച്ച ജയം സ്വന്തമാക്കിയതോടെ സെമി ഫൈനലില്‍ കടന്ന ആവേശത്തിലാണ് പാകിസ്ഥാന്‍. പാകിസ്ഥാന്‍ ഉയര്‍ത്തിയ 190 റണ്‍സ് വിജയ ലക്ഷ്യത്തിന് മുന്നില്‍ നമീബിയ പൊരുതി നോക്കിയെങ്കിലും 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സാണ് അവര്‍ക്ക് എടുക്കാനായത്. ഇതോടെ 44 റണ്‍സിന്റെ ജയമാണ് നമീബിയ സ്വന്തമാക്കിയത്.

മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടിയ പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം തകര്‍പ്പന്‍ റെക്കോര്‍ഡ് സ്വന്തമാക്കി. ടി20 ലോകകപ്പില്‍ മൂന്ന് അര്‍ധസെഞ്ചുറികള്‍ നേടുന്ന ആദ്യ നായകനെന്ന റെക്കോര്‍ഡാണ് നമീബിയക്കെതിരായ വെടിക്കെട്ട് ഇന്നിംഗ്‌സിലൂടെ ബാബര്‍ അടിച്ചെടുത്തത്. 49 പന്തില്‍ 70 റണ്‍സെടുത്താണ് ബാബര്‍ പുറത്തായത്. നേരത്തെ ഇന്ത്യക്കെതിരെയും അഫ്ഗാനിസ്താനെതിരെയും ബാബര്‍ അര്‍ധസെഞ്ച്വറി നേടിയിരുന്നു.

നമീബിയക്കെതിരെ ഓപ്പണിംഗ് വിക്കറ്റില്‍ ബാബറും സഹ ഓപ്പണറായ മുഹമ്മദ് റിസ്വാനും ചേര്‍ന്ന് പാക്കിസ്ഥാനു വേണ്ടി സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയിരുന്നു. ഇതോടെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ടി20യില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ബാറ്റിംഗ് സഖ്യമെന്ന റെക്കോര്‍ഡും ഇരുവരും സ്വന്തമാക്കി. ഈ വര്‍ഷം ഇരുവരും ചേര്‍ന്ന് നേടുന്ന നാലാമത്തെ സെഞ്ചുറി കൂട്ടുകെട്ടാണിത്. ഇതില്‍ മൂന്നും 150 ന് മുകളിലുള്ള കൂട്ടുകെട്ടുകളായിരുന്നുവെന് പ്രത്യേകതയുമുണ്ട്.

ഇന്ത്യക്കെതിരായ മത്സരത്തില്‍ ഇരുവരും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 154 റണ്‍സടിച്ചിരുന്നു. 68 റണ്‍സാണ് അന്ന് ബാബര്‍ നേടിയത്. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ 51 റണ്‍സടിച്ച ബാബറിന്റെ മികവിലാണ് പാക്കിസ്ഥാന്‍ ബാറ്റിംഗ് തകര്‍ച്ച ഒഴിവാക്കിയത്. അവസാനം 19-ാം ഓവറില്‍ ആസിഫ് അലി നാലു സിക്‌സ് അടിച്ച് പാക്കിസ്ഥാനെ അവിശ്വസനീയ ജയത്തിലേക്ക് നയിക്കുകയും ചെയ്തു.

നമീബിയക്കെതിരെ ടോസ് നേടിയിട്ടും ബാറ്റിംഗ് തെരഞ്ഞെടുത്ത പാക്കിസ്ഥാന് പവര്‍ പ്ലേയില്‍ അടിച്ചു കളിക്കാനായിരുന്നില്ല. വിക്കറ്റ് നഷ്ടമില്ലാതെ 29 റണ്‍സായിരുന്നു നമീബിയക്കെതിരെ പാക്കിസ്ഥാന്റെ പവര്‍ പ്ലേ സ്‌കോര്‍. പത്താം ഓവറില്‍ 59 റണ്‍സ് മാത്രമുണ്ടായിരുന്ന പാക്കിസ്ഥാന്‍ ബാബറിന്റെയും റിസ്വാന്റെയും തകര്‍പ്പന്‍ ബാറ്റിംഗിന്റെ കരുത്തില്‍ അവസാന 10 ഓവറില്‍ 130 റണ്‍സാണ് അടിച്ചുകൂട്ടിയത്

You Might Also Like