മെഗാ ലേലത്തിൽ താരമായി; പക്ഷെ, ഇന്ത്യൻ യുവതാരത്തിന് ‘ആരും കൊതിക്കാത്ത’ റെക്കോർഡ്

Image 3
CricketIPL

ഐപിഎൽ താരലേലത്തിൽ അപൂർവ്വ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് പേസർ ആവേശ് ഖാൻ. ഇന്ത്യൻ ടീമിനായി ഒരു മത്സരം പോലും കളിക്കാതെ ഐപിഎൽ ലേലത്തിൽ ഏറ്റവുമധികം തുക വാരിക്കൂട്ടിയ ഇന്ത്യൻ താരം എന്ന റെക്കോർഡ് ഇനി ആവേശ് ഖാന്റെ പേരിലായിരിക്കും. 10 കോടി രൂപയ്ക്ക് ആണ് ലഖ്‌നൗ താരത്തെ ലേലത്തിൽ സ്വന്തമാക്കിയത്. 20 ലക്ഷമായിരുന്നു താരത്തിന്റെ അടിസ്ഥാന വില.

നിലവിൽ കൃഷ്ണപ്പ ഗൗതമിന്റെ പേരിലുള്ള റെക്കോർഡാണ് താരം തട്ടിയെടുത്തത്. നേരത്തെ 9.25 കോടി രൂപക്കായിരുന്നു ചെന്നൈ ഗൗതമിനെ സ്വന്തമാക്കിയിരുന്നത്. 40 ലക്ഷം അടിസ്ഥാന വില നിശ്ചയിക്കപ്പെട്ട തമിഴ്നാട് താരം ഷാറുഖ് ഖാനെ 9 കോടി രൂപയ്ക്കു ലേലത്തിൽ പഞ്ചാബ് സ്വന്തമാക്കി. കഴിഞ്ഞ സീസണിലും പഞ്ചാബ് ടീമിന്റെ ഭാഗമായിരുന്നു താരം.

കേരള താരങ്ങളിൽ റോബിൻ ഉത്തപ്പയെ ചെന്നൈ 2 കോടി രൂപക്കും, ബേസിൽ തമ്പിയെ മുംബൈ 30 ലക്ഷം രൂപയ്ക്കും,  കെ.എം.ആസിഫിനെ ചെന്നൈ 20 ലക്ഷം രൂപക്കും സ്വന്തമാക്കി.

സ്റ്റീവ് സ്മിത്ത്, ഷാക്കിബ് അൽ ഹസൻ, അമിത് മിശ്ര, ആദം സാംപ, ഉമേഷ് യാദവ്, ഇമ്രാൻ താഹിർ, വൃദ്ധിമാൻ സാഹ, മാത്യു വെയ്ഡ്, സുരേഷ് റെയ്ന, ഡേവിഡ് മില്ലർ, വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നീ താരങ്ങളെ ആദ്യദിനത്തിൽ ആരും വിളിച്ചെടുത്തില്ല. ഈ താരങ്ങളെ സ്വന്തമാക്കാൻ രണ്ടാമത്തെ ദിനം ടീമുകൾക്ക് ഒരവസരം കൂടി ലഭിക്കും.