പ്ലേയിംഗ് ഇലവന്‍ തികയ്ക്കാന്‍ ആളില്ല, ഓസീസിനായി പരിശീലകരും കളിച്ചേക്കും

Image 3
CricketCricket News

ട്വന്റി20 ലോകകപ്പ് സന്നാഹ മത്സരത്തിനായി പ്ലേയിങ് ഇലവന്‍ തികയ്ക്കാന്‍ കളിക്കാരില്ലാതെ നട്ടം തിരിഞ്ഞ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം. നമീബിയക്കെതിരായ സന്നാഹ മത്സരം കളിക്കാനാണ് ആളില്ലാതെ വലയുന്നത്. 15 അംഗ ലോകകപ്പ് സംഘത്തിലെ ഒന്‍പത പേര്‍ മാത്രമാണ് ഓസീസ് ക്യാംപിലെത്തിയിരിക്കുന്നത്.

ഐപിഎല്ലിന്റെ ഭാഗമായതിനാലാണ് മൂന്ന് താരങ്ങളുടെ വരവ് വൈകിയത്. മിച്ചല്‍ സ്റ്റാര്‍ക്കും കമിന്‍സും ട്രാവിസ് ഹെഡ്ഡും ഐപിഎല്‍ കലാശപ്പോരിന് ഇറങ്ങിയിരുന്നു. മറ്റൊരു താരം മിച്ചല്‍ മാര്‍ഷ് പരുക്കില്‍ നിന്ന് പൂര്‍ണമായും മുക്തനല്ലാത്തതിനാല്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.

ഐപിഎല്‍ കളിച്ച താരങ്ങള്‍ക്ക് ട്വന്റി20 ലോകകപ്പ് ടീമിനൊപ്പം ചേരുന്നതിന് മുന്‍പ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇടവേള നല്‍കിയിട്ടുണ്ട്. കാമറൂണ്‍ ഗ്രീന്‍, മാക്‌സ്‌വെല്‍, സ്റ്റോയ്‌നിസ് എന്നിവരും ബാര്‍ബഡോസില്‍ എത്തിയിട്ടില്ല. നമീബിയയുമായുള്ള സന്നാഹ മത്സരം കഴിഞ്ഞതിന് ശേഷമാവും സ്റ്റോയിനിസ് ടീമിനൊപ്പം ചേരുക. ഗ്രീനും മാക്‌സ്‌വെല്ലും ഈ ആഴ്ച അവസാനത്തോടെയാവും ഓസീസ് ടീമിനൊപ്പം ചേരുക.

ഇതോടെ സന്നാഹ മത്സരത്ത്ിന് ആളെ തികയ്ക്കാന്‍ ഓസീസ് സപ്പോര്‍ട്ട് സ്റ്റാഫ് കളിക്കാനായി ഗ്രൗണ്ടിലിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ താരങ്ങളായ ബ്രാഡ് ഹോഡ്ജ്, ആന്‍ഡ്ര്യു മക്‌ഡൊണാള്‍ഡ്, ജോര്‍ജ് ബെയ്‌ലി എന്നിവര്‍ ഇതോടെ കളിക്കാനിറങ്ങിയേക്കും.

രണ്ട് സന്നാഹ മത്സരങ്ങളാണ് ട്വന്റി20 ലോകകപ്പിന് മുന്‍പായി ഓസ്‌ട്രേലിയ കളിക്കുന്നത്. നമീബിയക്കെതിരായ മത്സരത്തിന് പിന്നാലെ മെയ് 31ന് വെസ്റ്റിന്‍ഡീസിനെ നേരിടും. ട്വന്റി20 ഗ്രൂപ്പ് ഘട്ടത്തില്‍ ഒമാനാണ് ഓസ്‌ട്രേലിയയുടെ ആദ്യ എതിരാളി. പിന്നാലെ ഇംഗ്ലണ്ട്, നമീബിയ, സ്‌കോട്ട്‌ലന്‍ഡ് എന്നിവരെ നേരിടും