മുറിവേറ്റ ഇന്ത്യയ്ക്ക് സ്വാന്തനവുമായി ഇതിഹാസ താരം, പൊരുതിയേ തീരൂ…

ഓസ്‌ട്രേലിയയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദയനീയ തോല്‍വി വഴങ്ങിയതിന്റെ ആഘാതത്തിലാണ് ടീം ഇന്ത്യ. ഒരു തോല്‍വി എന്നതിന് ഉപരി ഇന്ത്യന്‍ ടീമിനെ അടിമുടി ഉലച്ച് കളയുന്ന തിരിച്ചടിയായി മാറി പിങ്ക് ബോള്‍ ടെസ്റ്റിന്റെ മത്സര ഫലം.

ഇതോടെ ഇന്ത്യന്‍ ടീമിനെ ആശ്വസിപ്പിച്ച് മുന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗാവസ്‌കര്‍ രംഗത്തെത്തി.. രണ്ടാം ഇന്നിങ്‌സില്‍ വെറും 36 റണ്‍സിനു പുറത്തായ ഇന്ത്യയെ, എട്ടു വിക്കറ്റിനാണ് ഓസീസ് തോല്‍പ്പിച്ചത്. ഓസ്‌ട്രേലിയയോട് ദയനീയ തോല്‍വി വഴങ്ങിയെങ്കിലും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ അമിതമായി കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ലെന്ന് ഗാവസ്‌കര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ പിഴവിനേക്കാള്‍ ഓസ്‌ട്രേലിയന്‍ ബോളര്‍മാരുടെ മികവാണ് മത്സരഫലം നിര്‍ണയിച്ചതെന്നും ഗാവസ്‌കര്‍ പറഞ്ഞു.

‘ഒരു രാജ്യം ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ ആരംഭിച്ച ശേഷം ഏറ്റവും ചെറിയ സ്‌കോറില്‍ പുറത്താകുന്ന കാഴ്ച അത്ര സുഖകരമല്ല എന്നത് വളരെ ശരിയാണ്. പക്ഷേ, ഇന്നത്തെ ഈ കളിക്ക് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല എന്നാണ് എന്റെ അഭിപ്രായം. ഓസീസ് ബോളര്‍മാര്‍ പന്തെറിഞ്ഞ രീതിവച്ച് ഇന്ത്യയുടെ സ്ഥാനത്ത് മറ്റേതു ടീമായാലും പിടിച്ചുനില്‍ക്കുക ശ്രമകരമായിരുന്നു. ഇന്ത്യയേപ്പോലെ 36 റണ്‍സിന് ഓള്‍ഔട്ടായില്ലെങ്കിലും 80-90 റണ്‍സിന് അപ്പുറം പോകാന്‍ സാധ്യത തീര്‍ത്തും വിരളം’ ഗാവസ്‌കര്‍ പറഞ്ഞു.

‘അതുകൊണ്ടുതന്നെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല. ജോഷ് ഹെയ്‌സല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ക്കൊപ്പം മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ആ മൂന്ന് ഓവര്‍ സ്‌പെല്‍ കൂടി ചേരുമ്പോള്‍ എങ്ങനെ പിടിച്ചുനില്‍ക്കും? അത്രയ്ക്ക് മികച്ച ബോളിങ്ങായിരുന്നു ഓസീസിന്റേത്’ ഗാവസ്‌കര്‍ പറഞ്ഞു.

അഞ്ച് വിക്കറ്റെടുത്ത ജോഷ് ഹെയ്‌സല്‍വുഡും നാലു വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിന്‍സും വിക്കറ്റ് ലഭിച്ചില്ലെങ്കിലും മികച്ച നിയന്ത്രണത്തോടെ പന്തെറിഞ്ഞ മിച്ചല്‍ സ്റ്റാര്‍ക്കും ചേര്‍ന്നാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയെ വെറും 36 റണ്‍സില്‍ ഒതുക്കിയത്.

ഒന്നാം ഇന്നിങ്‌സില്‍ 53 റണ്‍സിന്റെ ഭേദപ്പെട്ട ലീഡ് നേടിയ ശേഷമാണ് ഇന്ത്യ അവിശ്വസനീയമായ രീതിയില്‍ മത്സരം കൈവിട്ടത്. 1974ല്‍ ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്‌സില്‍ 42 റണ്‍സിന് പുറത്തായശേഷം ഇന്ത്യ ടെസ്റ്റില്‍ നേടുന്ന ഏറ്റവും ചെറിയ സ്‌കോറാണ് ഇത്.

You Might Also Like