വിദേശ സൂപ്പര്‍ താരങ്ങള്‍ ഐഎസ്എല്ലിലേക്ക്, കാരണം ഇതാണ്
കൊറൊണ പ്രതിസന്ധിമൂലം ഓസ്ട്രേലിയയിലെ പ്രധാന ക്ലബുകളെല്ലാം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. കോവിഡ് മൂലം ഇതിനോടകം പതിനൊന്നോളം ക്ലബുകള്‍ താരങ്ങളുടെ പ്രതിഫലം അടക്കം വെട്ടികുറക്കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. കോവിഡ് മൂലം ലീഗ് പാതിവഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തിരുന്നു.
ഇതോടെ ഓസ്ട്രേലിയയിലെ പ്രധാന ഫുട്ബോള്‍ ലീഗായ എ വണ്‍ ലീഗില്‍ കളിക്കുന്ന പ്രധാന താരങ്ങള്‍ ഐഎസ്എല്‍ ലക്ഷ്യം വെക്കുന്നതായാണ് വാര്‍ത്തകള്‍. എ ലീഗിലെ ശ്രദ്ധേയ താരങ്ങളായ ആഡം ലെഫ്രോന്റെ, ബ്രാഡ് ഇന്മാന്‍, ജോയല്‍ ചിയാനെസ്, റോസ്റ്റിന്‍ ഗ്രിഫിത് എന്നിവരുടെ പേരുകളാണ് വരും സീസണില്‍ ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍.
ഉന്നത നിലവാരം പുലര്‍ത്തുന്ന എ വണ്‍ ലീഗില്‍ നിന്ന് ഒരു താരത്തെ ഹൈദരാബാദ് എഫ്സി കഴിഞ്ഞ ദിവസം സ്വന്തമാക്കി കഴിഞ്ഞു. എ ലീഗ് ക്ലബ് പെര്‍ത്ത് ഗ്ലോറി എഫ്‌സിയില്‍ കളിക്കുന്ന ഓസീസ് വിംഗര്‍ ജോയല്‍ ചെനേസിനെയാണ് ഹൈദരാബാദ് എഎഫ്‌സി സ്വന്തമാക്കിയിരിക്കുന്നത്. ലെഫ്റ്റ് വിംഗാണ് 30കാരനായ ചെനേസിന്റെ പൊസിഷന്‍.
മികച്ച കളിക്കാരാനാണ് ചെനേസ് എന്നാണ് പൊതുവെ വിലയിരുത്തല്‍. ഗോള്‍ നേടാന്‍ അത്ര മിടുക്കനൊന്നുമല്ലെങ്കിലും കളി നിയന്ത്രിക്കുന്നതില്‍ ചെനേസ് ഉന്നത നിലവാരം പുലര്‍ത്തുന്നുണ്ട്. ഒരുപക്ഷെ ഹൈദരാബാദ് പരിശീലകന്‍ റോക്ക ഈ സീസണില്‍ കണ്ടെത്തിയ മികച്ച താരമായി ചെനേസ് മാറാനും ഇടയുണ്ട്.
ഓസ്‌ട്രേലിയയെ കൂടാതെ ന്യൂസിലന്‍ഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ക്ലബുകളുകളില്‍ കളിച്ചിട്ടുളള താരമാണ് ചെനേസ്. കഴിഞ്ഞ വര്‍ഷം പെര്‍ത്ത് ഗ്ലോറിയ്ക്കായി എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ ചെനേസ് ബൂട്ടണിഞ്ഞിരുന്നു.
ചെനേസിനെ കൂടാതെ സിഡ്നി എഫ്സിയുടെ സൂപ്പര്‍ താരം ആദം ലേ ഫെഡ്രേയേയും സ്വന്തമാക്കാന്‍ ആല്‍ബര്‍ട്ട് റോക്കയും സംഘവും ശ്രമിക്കുന്നുണ്ട്. ഇംഗ്ലീഷ് ഫോര്‍വേഡായ ഫെഡ്രേയുടെ കരാര്‍ ഒരു വര്‍ഷം കൂടിയുണ്ടെങ്കിലും താരത്തിന് സിഡ്നിയില്‍ തുടരാന്‍ താല്‍പര്യമില്ല. രണ്ട് സീസണുകളിലെ 49 മത്സരങ്ങളില്‍ നിന്ന് 35 ഗോളുകള്‍ നേടിയ ഫെഡ്രേയ്ക്കായി ഹൈദരാബാദിനെ കൂടാതെ ബ്ലാസ്റ്റേഴ്സ് അടക്കം നാല് ഐഎസ്എല്‍ ക്ലബുകളും പിന്നാലെയുണ്ട്.